ലോക്ക് ഡൗണ്‍: സമ്പത്ത് നാട്ടിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്തിന്റെ സേവനം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യ തലസ്ഥാനത്ത് ലഭ്യമാകാത്തത് വലിയ വിവാദമായിരുന്നു.

Update: 2020-05-15 16:00 GMT

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള പ്രതിനിധി എ സമ്പത്ത് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യതലസ്ഥാനത്ത് തങ്ങാതെ നാട്ടിലേക്ക് മടങ്ങിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ലോക്ഡൗണ്‍ പലരെയും പല സ്ഥലത്തും കുടുക്കിയിട്ടുണ്ട്. സമ്പത്തിന് അവിടെ തന്നെ തങ്ങാന്‍ ദിവ്യജ്ഞാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല. കൊവിഡ് ഇത്രകാലം നീണ്ടുനില്‍ക്കും, സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്, അതുകൊണ്ട് വേഗം തിരുവനന്തപുരത്തേക്ക് പോയേക്കാം എന്ന് മനസിലാക്കി സമ്പത്ത് കേരളത്തിലേക്ക് വന്നതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച എ സമ്പത്തിന്റെ സേവനം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യ തലസ്ഥാനത്ത് ലഭ്യമാകാത്തത് വലിയ വിവാദമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ മടക്കയാത്രയും മറ്റും ഏകോപിപ്പിക്കുന്നതിലെ പാളിച്ചക്ക് കാരണം സമ്പത്തിന്റെ അസാന്നിധ്യമാണെന്ന വിമര്‍ശവും ശക്തമായി. ഈ സാഹചര്യത്തിലാണ് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സമ്പത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു. 

Tags:    

Similar News