കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിന്മാറിയതെന്നാണു വിവരം. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വിഷയത്തില്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുവദിക്കാനാവില്ല എന്ന നിലപാടിലായിരുന്നു കാസര്‍ഗോഡ് ഡിസിസി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി സിപിഎം നേതൃത്വം സമീപിച്ചുവെന്ന വാര്‍ത്ത കാസര്‍കോട് ഡിസിസി നിഷേധിച്ചു. മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ പറഞ്ഞു. അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി കാസര്‍കോട് എത്തി.