വാട്‌സ് ആപ് വേഗം അപ്‌ഡേറ്റ് ചെയ്യൂ; ഇസ്രായേല്‍ ചാരന്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തും
വോയ്‌സ് കോള്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ വഴിയാണ് ഫോണ്‍ ഉടമകള്‍ പോലുമറിയാതെ ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്
ന്യൂയോര്‍ക്ക്: വാട്‌സ് ആപ് ആപ്ലിക്കേഷന്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഫോണിലെ വിവരങ്ങള്‍ ഇസ്രായേല്‍ ചാരന്‍മാര്‍ ചോര്‍ത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ഇസ്രായേല്‍ ആസ്ഥാനമായുള്ള സൈബര്‍ സംഘം ഹാക്ക് ചെയ്‌തെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് വാട്‌സ്ആപ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ തന്നെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ വാട്‌സ്ആപ്പിലുണ്ടായ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ ചാര സോഫ്റ്റ്‌വെയറുകള്‍ ഫോണുകളിലേക്കു കടത്തിവിട്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. വാട്‌സ്ആപ്പ് കോളുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്. വോയ്‌സ് കോള്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ വഴിയാണ് ഫോണ്‍ ഉടമകള്‍ പോലുമറിയാതെ ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. വാട്‌സ്ആപ്പ് നമ്പറിലേക്ക് ഹാക്കര്‍മാര്‍ കോള്‍ ചെയ്യും. കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ പോലും ഹാക്കിങ് സോഫ്റ്റ് വെയര്‍ ഫോണില്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഗില്‍ നിന്ന് കോള്‍ ഡിലീറ്റ് ചെയ്യും. മെയ് 10നാണ് സെര്‍വറിലെ തകരാര്‍ കണ്ടെത്തിയത്. തകരാറുകള്‍ പരിഹരിച്ച ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നെന്നും ആശങ്കകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ വാട്‌സ് ആപ് അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് കമ്പനിയുടെ നിര്‍ദേശം.
ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ എന്ന സ്വകാര്യ കമ്പനിയാണ് ഹാക്കിങിനു പിന്നിലെന്നാണ് റിപോര്‍ട്ട്. ഫോണുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച ഇവര്‍ വിവിധ സര്‍ക്കാരുകള്‍ക്കും ചാര സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ചുനല്‍കാറുണ്ട്. ഇതിനുമുമ്പും നിരവധി മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മറ്റും ഫോണുകള്‍ ചോര്‍ത്തിയതായി ഇവര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. ഉപയോക്താവ് അറിയാതെ ഇ-മെയിലുകളും സന്ദേശങ്ങളും ഗാലറിയുമെല്ലാം ഇവര്‍ നിരീക്ഷിക്കുന്ന സംഘത്തിന് ഫോണിലെ കാമറ പോലും പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഹാക്കിങ് നടത്തിയെന്ന് എന്‍എസ്ഒ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കു പ്രകാരം 1.5 ബില്ല്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.