സത്യപ്രതിജ്ഞ: പിണറായി വിജയന്‍ മമതയെ മാതൃകയാക്കണം- പി അബ്ദുല്‍ മജീദ് ഫൈസി

Update: 2021-05-18 11:37 GMT

തിരുവനന്തപുരം: 43 പേരുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നൂറില്‍ താഴെ ആളുകളുടെ സാന്നിധ്യത്തില്‍ മാത്രം നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കാണിച്ച കരുതലിന്റെ മാതൃക പിന്‍പറ്റാന്‍ പിണറായി വിജയന്‍ തയ്യാറാവേണ്ടിയിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് 500 പേരുടെ പരിപാടി നടത്തുന്നതെന്ന സര്‍ക്കാര്‍ വാദം പരിഹാസ്യമാണ്. ഈ ഇളവ് മറ്റുള്ളവര്‍ക്ക് അനുവദിക്കുമോയെന്ന മറുചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നുയരുന്നത്. ഇത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ഥതയെ തന്നെ ചോദ്യം ചെയ്യുകയാണ്.

കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ടാണ് കേരളീയര്‍ ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്. ചെയ്യുന്നത് മാത്രമേ പറയൂവെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് ജനങ്ങള്‍ ഇതുവരെ എല്ലാ നിയന്ത്രണങ്ങളോടും അനുസരണം പ്രഖ്യാപിച്ചത്. പൗരന്‍മാരുടെ നാടിനോടുള്ള പ്രതിബദ്ധതയെ പരസ്യമായി അവഹേളിക്കുന്ന തരത്തിലാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ആപത്ഘട്ടങ്ങളില്‍ സര്‍ക്കാര്‍ മുന്നിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ രണ്ടാമൂഴം സമ്മാനിച്ച ജനങ്ങളെ മാനിക്കാതെയാണ് സര്‍ക്കാരിന്റെ തുടക്കം. ചികില്‍സാ സംവിധാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ നടന്നിരുന്ന കേരളം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കിതയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നും രാഷ്ട്രീയ നേതാക്കളാണ് അതിന് ഉത്തരവാദികളെന്നും ആരോപണം നിലനില്‍ക്കുകയാണ്. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവണതകള്‍ മുഖ്യമന്ത്രി അടക്കമുള്ളവരില്‍നിന്ന് ആവര്‍ത്തിക്കുന്നത് ശുഭകരമല്ലെന്നും മജീദ് ഫൈസി പറഞ്ഞു.

Tags:    

Similar News