പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. കെ എം ഷാജി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ് ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കേസെടുക്കുകയും ഷാജിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2017 യില്‍ സിപിഎം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. ആദ്യം നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടു തള്ളിയിരുന്നെങ്കിലും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വീണ്ടും വിജിലന്‍സ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കായിയാണ് കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്. വിജിലന്‍സ് അന്വേഷണത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെ എം ഷാജിയുടെ ചാലാട്ടെ വീട്ടില്‍ നിന്നും വിജിലന്‍സ് പണം പിടിച്ചെടുത്തിരുന്നു. 47 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇഡിയും കെ എം ഷാജിക്കെതിരേ കേസെടുത്തിരുന്നു.
അതിനിടെ, എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈകോടതിവിധിക്ക് പിന്നാലെ സന്തോഷം പങ്കുവച്ച് കെ എം ഷാജി രംഗത്തെത്തി. ഖുര്‍ആന്‍ സൂക്തത്തോടൊപ്പമാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 'അതിനാല്‍ ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും; തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. (വിശുദ്ധ ഖുര്‍ആന്‍ 94 /58) ' എന്ന സൂക്തമാണ് ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്. 'അല്‍ഹംദു ലില്ലാഹ്. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. സന്തോഷമുണ്ട്.! സര്‍വ്വശക്തനായ അല്ലാഹുവിന് സ്തുതി. ! പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി. പലതും പറയാനുണ്ട്. നേരിട്ട് ലൈവില്‍ വരാം; ഇന്‍ ഷാ അല്ലാഹ്' എന്നായിരുന്നു ഷാജിയുടെ പ്രതികരണം.