ജി 20 ഉച്ചകോടിക്കായി മോദി ജപ്പാനില്‍; ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും
ബഹുരാഷ്ട്ര വ്യാപാര ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മോദി ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ടോക്കിയോ: ജി 20 ഉച്ചകോടിയിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒസാക്കയിലേക്ക് പോകുന്നതിന്റെ വിവരങ്ങള്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബഹുരാഷ്ട്ര വ്യാപാര ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മോദി ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
മോദിയുടെ ആറാമത്തെ ജി-20 ഉച്ചകോടിയാണ് ഈ മാസം 28-29 തിയ്യതികളിലായി ഒസാക്കയില്‍ നടക്കുന്നത്. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. വിവിധ ലോകനേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും മോദി പുറപ്പെടുന്നതിനു മുമ്പ് ട്വിറ്ററില്‍ കുറിച്ചിരുന്നു. 2022ല്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് ചര്‍ച്ച നടന്നത്.