യുപി പോലിസ് ചെയ്തത് ശരി; പ്രതിഷേധക്കാര്‍ക്കെതിരായ നടപടിയെ പിന്തുണച്ച് മോദി
പൊതുമുതല്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നതായും ഇത് നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ തെരുവിലിറങ്ങിയവര്‍ക്കെതിരേ പോലിസ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നതായും ഇത് നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നോവില്‍ നിര്‍ദിഷ്ട അടല്‍ ബീഹാരി വാജ്‌പേയ് മെഡിക്കല്‍ കോളജിന്റെ ശിലാന്യാസ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മോദി.
ഉത്തര്‍പ്രദേശില്‍ അക്രമ മാര്‍ഗം സ്വീകരിച്ചവര്‍ വീട്ടിലിരിക്കുമ്പോള്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണം. കുട്ടികളുടേത് ഉള്‍പ്പെടെയുളളവരുടെ പൊതുമുതലും ബസ്സുകളുമാണ് അവര്‍ നശിപ്പിച്ചത്. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു.
സമാധാനാന്തരീക്ഷമാണ് ഏവരും ആഗ്രഹിക്കുന്നത്. പ്രതിഷേധക്കാര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ക്രമസമാധാന പാലനത്തെ ആദരിക്കാനുളള ഉത്തരവാദിത്തം സമാധാനപരമായ അന്തരീക്ഷം അവകാശമാണ് എന്ന് ചിന്തിക്കുന്നവര്‍ കാണിക്കണം. നമ്മുടെ സുരക്ഷയ്ക്ക് പോലിസിങ് ആവശ്യമാണ്.ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് പോലിസ് ചെയ്യുന്നത് ശരിയായ പ്രവൃത്തിയാണെന്നും മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി തെരുവിലിറങ്ങിയവര്‍ക്കു നേരെ യുപി പോലിസ് വന്‍ അതിക്രമമാണ് അഴിച്ചുവിട്ടത്. 20 പേരെയാണ് ഇവിടെ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.