പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍; പ്രതിഷേധമുയര്‍ത്തുമെന്ന് കര്‍ഷകര്‍, കനത്ത സുരക്ഷ

മോദിക്കെതിരേ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച(എസ്‌കെഎം)യുടെ കീഴിലുള്ള 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

Update: 2022-02-14 02:12 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബില്‍ എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താന്‍കോട്ടിലും ഫെബ്രുവരി 17ന് അബോഹറിലും പ്രധാനമന്ത്രി പൊതു സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.

അതേസമയം, മോദിക്കെതിരേ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച(എസ്‌കെഎം)യുടെ കീഴിലുള്ള 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. മോദിയുടെ സമ്മേളനസ്ഥലത്തേക്കുള്ള റോഡുകളില്‍ പ്രതിഷേധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും നേതാക്കള്‍ പറഞ്ഞു.

ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് ഇന്ന് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഫിറോസ്പുരില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് 20 മിനിറ്റോളം മേല്‍പാലത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡല്‍ഹിയിലേക്കു മടങ്ങിയിരുന്നു.


Tags:    

Similar News