മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബന്‍സ്‌വാര: രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുസ് ലിം വിരുദ്ധ വര്‍ഗീയപ്രസംഗം സംബന്ധിച്ച് പരാതി ലഭിച്ചതായും പരിശോധിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭിക്കുന്നത്. രണ്ടു ദിവസമായിട്ടും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെയാണ്. പരാതി ലഭിച്ചതായും പരിശോധിച്ചുവരികയാണെന്നും കമ്മീഷന്‍ അറിയിച്ചത്. തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ ഒരു പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രധാനമന്ത്രിക്കെതിരേ പരാതികള്‍ കൈമാറിയിരുന്നു. സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രധാനമന്ത്രി മതം ഉപയോഗിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.