'നില വഷളാക്കുന്ന നടപടി ഇരു ഭാഗത്തുനിന്നും ഉണ്ടാകരുത്';മോദിയുടെ ലഡാക് സന്ദര്‍ശനത്തിനെതിരേ ചൈന

ഇന്നു രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തിയത്.

Update: 2020-07-03 09:24 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനെതിരേ ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. നയതന്ത്ര തലത്തിലും സൈനീക തലത്തിലുമുള്ള ചര്‍ച്ചയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷം വഷളാക്കുന്ന നടപടികള്‍ ഇരു ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് സുവോ ലിജിയാന്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തിയത്. രാവിലെ 8.15നാണ് മോദി കശ്മീരിലെ ലേയിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നേരെ 35 കിലോമീറ്റര്‍ അകലെയുള്ള നിമു സൈനിക പോസ്റ്റിലെത്തി. 11,000 അടി ഉയരത്തിലാണ് നിമു സൈനിക പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ് നദീതീരത്തോട് ചേര്‍ന്നുള്ള, സന്‍സ്‌കാര്‍ റേഞ്ചുമായി ചുറ്റപ്പെട്ട, ലോകത്തെ തന്നെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൊന്നാണ് നിമു.

ഇവിടെയെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ വ്യോമാര്‍ഗം നിരീക്ഷണം നടത്തിയ പ്രധാനമന്ത്രിയ്ക്ക്, നിമുവില്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് മേഖലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊടുത്തു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

Tags:    

Similar News