വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദി ചിത്രം പ്രവാസി ഇന്ത്യക്കാര്‍ക്ക് കുരുക്കാവുന്നു

ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നല്‍കി വരുന്നുണ്ട്. മോദിയുടെ സന്ദേശത്തിനൊപ്പമാണ് പടവും നല്‍കുന്നത്. എന്നാല്‍, വിദേശയാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുമുന്‍പില്‍ ഇത് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്.

Update: 2021-08-22 18:30 GMT

ന്യൂഡല്‍ഹി: മഹാമാരിയായ കൊവിഡിനു പിന്നാലെ വിദേശയാത്രകള്‍ എന്നത്തേക്കാളും സങ്കീര്‍ണമായിരിക്കുകയാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും പ്രവേശിക്കണമെങ്കില്‍ യാത്രാരേഖകള്‍ക്കു പുറമെ ഇപ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്കൂടി നിര്‍ബന്ധമായിരിക്കുകയാണ്.മിക്ക രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവരുന്നത്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗരാജ്യങ്ങള്‍ക്കിടയില്‍ തടസങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് അവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്നത്.

അതില്‍, വ്യക്തിവിവരങ്ങള്‍ മാത്രമേ അടങ്ങിയിട്ടുണ്ടാവു. ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ അതില്‍ ഉണ്ടാവില്ല. എന്നാല്‍, ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നല്‍കി വരുന്നുണ്ട്. മോദിയുടെ സന്ദേശത്തിനൊപ്പമാണ് പടവും നല്‍കുന്നത്. എന്നാല്‍, വിദേശയാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുമുന്‍പില്‍ ഇത് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം പല രാജ്യങ്ങളിലും ഇന്ത്യക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്യുന്നത്. ചിലയിടങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങിയ അനുഭവവുമുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മില്‍ വ്യത്യാസമുണ്ടാവുമ്പോള്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സംശയിക്കുന്നത് പതിവാണ്.

ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. തുടര്‍ന്ന് നിരവധി പേരാണ് വിവിധ വിമാനത്താവളങ്ങളില്‍ തങ്ങള്‍ നേരിട്ട പ്രയാസങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.




Tags:    

Similar News