പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്ന സംഭവം: പോലിസ് സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സ്വമേധയാ പോലിസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തത്. ഇന്റലിജന്റ്് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോര്‍ട്ടില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ഇതുവരെയും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റിപോര്‍ട്ട് നല്‍കിയിരുന്നത്. എന്നാലിത് സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നത് വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.