രാജ്യത്തെ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തും
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഏഴ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഉള്‍പ്പെടും.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ചര്‍ച്ച നടത്തും. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഏഴ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഉള്‍പ്പെടും.
ഇന്നലെ രാജ്യത്ത് 93,337 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ വൈറസ് കേസുകളുടെ എണ്ണം 53 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95,880 കൊറോണ വൈറസ് രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്.രാജ്യത്തെ കൊവിഡ് മുക്തരായവരുടെ നിരക്ക് ഇപ്പോള്‍ 79.28 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിറകില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഇന്നലെ ഒറ്റ ദിനത്തില്‍ മാത്രം രാജ്യത്ത് 1,247 മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൊത്തം മരണം 85,619 ആയി ഉയര്‍ന്നു.രാജ്യത്തെ സജീവമായ കൊറോണ വൈറസ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണുള്ളത്.
സെപ്റ്റംബറില്‍ രാജ്യം ഏതാണ്ട് എല്ലാ ദിവസവും ഒരു ലക്ഷത്തോളം പുതിയ കേസുകളാണ് ദിനം പ്രതി റിപോര്‍ട്ട് ചെയ്തത്.ഈ മാസത്തെ ആകെ കേസുകള്‍ 16,86,769 ആണ്. ജൂലൈ മധ്യത്തില്‍ ഇത് 7.5 ശതമാനത്തില്‍ നിന്ന് 10.58 ശതമാനമായി ഉയര്‍ന്നു.
വൈറസ് രൂക്ഷമായി ബാധിച്ച 10 സംസ്ഥാനങ്ങള്‍ വൈറസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ മഹാമാരിയെതിരെ വിജയിക്കുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.