'മോദിയുടെ മൗനം ധിക്കാരപരം', മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി 'ഇന്ത്യ' പ്രതിനിധിസംഘം
അതേസമയം, ഭരണപ-പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിലെത്തി ഒരു സര്‍വകക്ഷി സംഘത്തെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അയയ്ക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഞങ്ങള്‍ ഗവര്‍ണറെ കണ്ട്, രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങളില്‍ വേദനയും സങ്കടവും ഗവര്‍ണറും പ്രകടിപ്പിച്ചു. പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച്, മണിപ്പൂരിലേക്ക് ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. എല്ലാ സമുദായങ്ങളുമായി സംസാരിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്കിടയിലെ അവിശ്വാസം പരിഹരിക്കാന്‍ സാധിക്കൂവെന്ന് ഗവര്‍ണര്‍ പറഞ്ഞതായും അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ എത്രയും വേഗം ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും 'ഇന്ത്യ' ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പോരായ്മകളും ലോക്‌സഭയ്ക്ക് മുന്നിലെത്തിക്കുമെന്ന് 'ഇന്ത്യ' നേതാക്കള്‍ പറഞ്ഞു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി 'ഇന്ത്യ' സംഘം ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. ശനിയാഴ്ച ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്ററിലെത്തിയ സംഘം, കുക്കി നേതാക്കളെയും ദുരിതാശ്വാസ ക്യാംപുകളിലെ കലാപബാധിതരെയും സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച ഇംഫാലിലെത്തി ദുരിതാശ്വാശ ക്യാംപുകളിലെ മെയ്‌തേയ് സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഒരു സംഘം മെയ്തി അക്രമികള്‍ നഗ്‌നരാക്കി നടത്തിച്ച പെണ്‍കുട്ടിയേയും മാതാവിനെയും സന്ദര്‍ശിച്ചതായി തൃണമൂല്‍ എംപി സുഷ്മിതാ ദേവ് പറഞ്ഞു. അക്രമികള്‍ കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹം കാണാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതിപക്ഷ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിനിധിസംഘം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്.