നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ പോലിസിന്റെ കൈയേറ്റം(വീഡിയോ)

Update: 2020-04-13 02:46 GMT

കൊയിലാണ്ടി: നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ജീവനക്കാരനെയും അത്തോളി സിഐ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നു പരാതി. കഴിഞ്ഞ ദിവസം നഗരസഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉള്ള്യേരി സ്വദേശിയായിരുന്ന ജീവനക്കാരനെ വൈകീട്ട് വീട്ടിലെത്തിക്കാന്‍ നഗരസഭയുടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പാലോറ സ്‌റ്റോപ്പില്‍ വച്ച് കൊവിഡ് ഡ്യൂട്ടിയിലായിരുന്ന അത്തോളി സിഐ പി എം മനോജ് കൈകാണിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് നഗരസസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെടക്ടറായ കെ പി രമേശനോടും ഓഫിസ് അസിസ്റ്റന്റ് ജിഷാന്തിനോടും കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിലുള്ളവര്‍ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച് ഇരുവരോടും മോശമായി പെരുമാറി.

   

Full View

കൊയിലാണ്ടി നഗരസഭയുടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥാരാണെന്നറിഞ്ഞിട്ടും ഇവരോട് വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് ജില്ലയിലെ നോഡല്‍ ഓഫിസറായ എച്ച്‌ഐയ്ക്ക് ജില്ലയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നിരിക്കെ ഇവരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കാറിന്റെ താക്കോല്‍ പിടിച്ചെടുക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥന്റെ സമീപനം വിവാദമായിരിക്കുകയാണ്. വിവരമറിഞ്ഞ് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ സ്ഥലത്തെത്തി സംസാരിച്ചതിന്റെ ഭാഗമായാണ് കാറിന്റെ താക്കോല്‍ വിട്ടുകൊടുത്തത്.




Tags:    

Similar News