ആദിവാസി യുവാവിന്റെ ദുരൂഹമരണം: പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ച വിളയോടി ശിവന്‍കുട്ടിക്കെതിരേ കള്ളക്കേസ്; റോഡില്‍ തടഞ്ഞും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും പോലിസ് പീഡനം
പാലക്കാട്: ആദിവാസിയുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ പോലിസ് കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം. ജുലൈ 24ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി ശിവരാജന്‍(24) മീങ്കര ഡാമില്‍ മുങ്ങിമരിച്ച സംഭവം ഉന്നത പോലിസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് കൊണ്ട് വിളയോടി ശിവന്‍കുട്ടി സംസാരിച്ചു. പ്രസംഗത്തില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മാര്‍ച്ചിന് ശേഷം കഴിഞ്ഞ ദിവസം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പോലിസ് പിന്തുടര്‍ന്നതായും കൊല്ലങ്കോടി സിഐ വിബിന്‍ദാസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞതായും വിളയോടി ശവന്‍കുട്ടി പറഞ്ഞു. യാതൊരു കേസും വാറണ്ടുമില്ലാതെ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം പോലിസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ബന്ധപ്പെടും എന്നറിയിച്ച് കൊല്ലങ്കോടി സിഐ വിബിന്‍ദാസ് ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് വിളയോടി ശിവന്‍കുട്ടിയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ ചിറ്റൂരിലുള്ള വിളയോടി ശിവന്‍കുട്ടിയുടെ വീട്ടില്‍ രണ്ട് പോലിസുകാര്‍ എത്തുകയും എഎസ്പി ഓഫിസിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നെന്ന് വിളയോടി ശിവന്‍കുട്ടി പറഞ്ഞു. സിഐക്കെതിരേ ജാതി അധിക്ഷേപം നടത്തി എന്ന് ആരോപിച്ച് പോലിസ് തനിക്കെതിരേ കേസെടുത്തതായും വിളയോടി ശിവന്‍കുട്ടി തേജസിനോട് പറഞ്ഞു. ജാതി അധിക്ഷേപം നടത്തുകയോ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ കള്ളക്കേസ് ചുമത്തി ആദിവാസി യുവാവിന്റെ ദുരൂഹമരണത്തിനെതിരായ സമരം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലിസ് പിന്തുടരുകയും റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും ചെയ്തതിനെതിരേ വിളയോടി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'പോലിസിനെ ബഹുമാനമുണ്ട്, പക്ഷെ ആദരവില്ല'.
ദലിത്-മുസ്‌ലിം-ആദിവാസിവിഷയങ്ങളില്‍ ഭരണ കൂടങ്ങളും പോലിസും നടത്തി കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ് അതിന് കാരണം. ഇന്നലെ(സെപ്റ്റംബര്‍ 22)ന് കൊല്ലങ്കോട് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഞാന്‍ ഇങ്ങനെയാണ് പ്രസംഗിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് പാലക്കാട് ഒരു സാംസ്‌കാരിക പരിപാടിയില്‍ സംബന്ധിക്കാന്‍ പോകവേ ചിറ്റൂര്‍ അത്തികോട് വെച്ച് സുഹൃത്തിന്റെ ടുവീലറില്‍ യാത്ര ചെയുമ്പോള്‍, അതിനെ പിന്തുടര്‍ന്നെത്തിയ പോലീസ് ഞങ്ങളോട് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും കൊല്ലങ്കോട് CI ഇറങ്ങിവന്നിട്ട് എന്റെ പേര് ചോദിക്കുകയും പോലിസിന്റെ വണ്ടിയില്‍ കയറാന്‍ ആവശ്യപെടുകയും ചെയ്തു. എന്തിനാണ്, എന്താണ് കാരണം എന്ന് ഞാന്‍ ചോദിച്ചു. അതെല്ലാം അവിടെ ചെന്ന് പറയാം എന്നമറുപടിയാണ് പറഞ്ഞത്. സ്‌റ്റേഷനിലേക്ക് വരില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. കേസില്ലാതെ, വാറണ്ടില്ലാതെ എന്നെ കൊണ്ടുപോകാന്‍ ആരാണ് താങ്കളെ ചുമതലപെടുത്തിയത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ആളുകള്‍ കൂടിയപ്പോള്‍, ഇതിനിടയില്‍ CI മാറിനിന്നുകൊണ്ട് ആരെയോ ഫോണില്‍ ബന്ധപെട്ടു. ഒടുവില്‍ ശിവന്‍കുട്ടിയെ DYSP വിളിക്കുമെന്നറിയിച്ചു കൊണ്ട് CI ഔദ്യോഗിക വാഹനത്തില്‍ കയറിയിട്ട് എന്റെ വീഡിയോ പകര്‍ത്തുന്നുണ്ടായിരുന്നു. വാസ്തവത്തില്‍ പോലിസ് നിയമമാണോ ബോധമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയം ഉണ്ട് . കൊല്ലങ്കോട് പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇദ്ദേഹം ചിറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഒളിച്ചിരുന്നുകൊണ്ട് എന്നെ പോലുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ പിന്തുടര്‍ന്നതില്‍ ദുരൂഹതയുണ്ട്. ദീര്‍ഘകാലമായിട്ട് പരസ്യമായും നിച്ഛയദാര്‍ഡ്യത്തോടുക്കൂടിയും
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയും ഇപ്പോള്‍ NCHRO വിന്റെ സ്‌റ്റേറ്റ് പ്രസിഡന്റുമാണ്. നിര്‍ഭയത്തോടുകൂടി പൊതു പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന സ്ഥിതി കേരളത്തില്‍ സംജാത മായതിന്റെ ദൃഷ്ടാന്തമാണ് പോലിസിന്റെ ഈ ക്രിമിനലിസം. ഇതിലൂടെ 'ഭരണകൂടം ഒരു പിന്തിരിപ്പന്‍ കടലാസ് പുലി' യാണന്ന് അവര്‍ തന്നെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.