വിനു വി ജോണിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലിസിന്റെ ഒളിച്ചുകളി; രണ്ടുമാസമാവുമ്പോഴും നടപടിയില്ല

Update: 2022-07-22 09:21 GMT

പി സി അബ്ദുല്ല

കോഴിക്കോട്: സിപിഎം നേതാവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരിം എംപിയുടെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു എന്നത് അടക്കമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലിസിന്റെ ഒളിച്ചുകളി. എളമരം കരീമിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലിസ് കഴിഞ്ഞ ഏപ്രില്‍ 30 നാണ് അഞ്ച് പ്രധാന വകുപ്പുകള്‍ ചുമത്തി വിനു വി ജോണിനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതര കുറ്റങ്ങള്‍ ആരോപിച്ചുള്ള ജാമ്യമില്ലാ കേസായിട്ടും കേസ് മരവിപ്പിച്ചിരിക്കുകയാണ്. 50 ദിവസം പിന്നിട്ടിട്ടും തുടര്‍നടപടികളൊന്നുമില്ല.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പരാമര്‍ശിച്ചതിന്റെ പേരില്‍ സ്വപ്‌നാ സുരേഷിനും മറ്റുമെതിരേ തിടുക്കപ്പെട്ട് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്ത കന്റോണ്‍മെന്റ് പോലിസാണ് ഉന്നത സിപിഎം നേതാവിന്റെ പരാതിയില്‍ രണ്ടുമാസമായിട്ടും ചെറുവിരലനക്കാത്തത്. മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധികള്‍ ലംഘിച്ച് വ്യക്തിപരമായ കടന്നാക്രമണമാണ് ഏഷ്യാനെറ്റ് അവതാരകന്‍ എളമരം കരീമിനെതിരേ നടത്തിയതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 107, 118, 504, 506 എന്നീ വകുപ്പുകളും പോലിസ് ആക്ട് 120 പ്രകാരവുമുള്ള ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ തുടര്‍നടപടികളുണ്ടായില്ലെന്ന് മാത്രമല്ല, സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് വിനു വി ജോണിന് അടുത്തിടെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. കേന്ദ്രസര്‍ക്കാരിനെതിരായ ദേശീയ പണിമുടക്കിനെതിരേ വിനു വി ജോണ്‍ മാര്‍ച്ച് 30ന് നയിച്ച ചാനല്‍ ചര്‍ച്ചയിലാണ് എളമരം കരീമിനെതിരേ വ്യക്തിഗത പരാമര്‍ശങ്ങളും പ്രകോപനപരമായ ആഹ്വാനവുമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ന്യൂസ് കോ-ഓഡിനേറ്ററാണ് വിനു വി ജോണ്‍. പണിമുടക്കില്‍ വ്യാപക അക്രമങ്ങളുണ്ടായെന്ന സംഘപരിവാര്‍ അനുകൂലമായ പ്രചാരണങ്ങളെ സിഐടിയു നേതാവ് കൂടിയായ എളമരം കരിം വിമര്‍ശിച്ചിരുന്നു. പണിമുടക്കിന്റെ പേരില്‍ നടന്നത് ഒറ്റപ്പെട്ട അക്രമങ്ങളാണെന്ന എളമരം കരീമിന്റെ നിലപാടാണ് വിനു വി ജോണിനെ പ്രകോപിപ്പിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനു വി ജോണ്‍ എളമരം കരീമിനെതിരേ അക്ഷരാര്‍ഥത്തില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ചര്‍ച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തിലായിരുന്നു ഏഷ്യാനെറ്റ് അവതാരകന്റെ എളമരം കരീമിനെതിരായ കടന്നാക്രമണം. 'എളമരം കരിം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരിം കുടുംബസമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തെയും ഇറക്കിവിടണമായിരുന്നു. എളമരം കരിം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'- എന്നായിരുന്നു വിനു വി ജോണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. മാര്‍ച്ച് 30ന് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ഏപ്രില്‍ 28 നാണ് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്.

കേരള പോലിസ് ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരം പ്രേരണാകുറ്റം, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, കേസ് പ്രതികാരനടപടിയാണെന്നാണ് വിനു വി ജോണിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെ പര്‍വതീകരിക്കുന്ന സമീപനമാണ് സംഘപരിവാര അനുകൂല മാധ്യമങ്ങള്‍ സ്വീകരിച്ചത്.

ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയും കേരള എന്‍ഡിഎയുടെ പ്രധാന ഭാരവാഹിയുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലിന്റെ ദേശീയ പണിമുടക്കിനെതിരായ അസഹിഷ്ണുതകളെല്ലാം വെളിവാക്കുന്നതായിരുന്നു വിനു വി ജോണിന്റെ എളമരം കരീമിനെതിരായ വാക്കുകള്‍. ശബരിമല സുപ്രിംകോടതി വിധിയുടെ പേരില്‍ കേരളത്തില്‍ ഏറ്റവുമധികം ഹര്‍ത്താലുകളും ആക്രമണങ്ങളും അഴിച്ചുവിട്ട് പൊതുജനങ്ങളെ ദ്രോഹിക്കുന്നതില്‍ മല്‍സരിച്ച സംഘപരിവാറിനോട് ഉദാരസമീപനം സ്വീകരിച്ച ഏഷ്യാനെറ്റും വിനു വി ജോണും മോദി സര്‍ക്കാരിനെതിരായ ന്യായമായ പണിമുടക്കിനെതിരേ പ്രകോപനപരമായ നിലപാടെടുത്തത് പൊതുവെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Tags:    

Similar News