മുസ്‌ലിം യുവതി ആശുപത്രിയില്‍ നമസ്‌കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് യുപി പോലിസ് (വീഡിയോ)

Update: 2022-09-24 04:53 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വകാര്യാശുപത്രിയില്‍ നമസ്‌കരിച്ചതിന്റെ പേരില്‍ യുവതിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് പോലിസ്. പ്രയാഗ്‌രാജിലെ സ്വകാര്യാശുപത്രി വാര്‍ഡില്‍ യുവതി നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, യുവതി നമസ്‌കരിച്ച നടപടി കുറ്റകൃത്യമായി കാണാനാവില്ലെന്ന് അന്വേഷണം നടത്തിയ പോലിസ് ഒടുവില്‍ വ്യക്തമാക്കി. പ്രയാഗ്‌രാജിലെ തേജ് ബഹാദൂര്‍ സപ്രു ആശുപത്രിയിലെ ഡെങ്കിപ്പനി വാര്‍ഡില്‍ യുവതി രോഗിയെ പരിചരിക്കുകയായിരുന്നു. അതിനിടെയാണ് വാര്‍ഡില്‍ നമസ്‌കരിച്ചത്.

ഇത് യുവതിയുടെ സമ്മതമില്ലാതെ ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുപി പോലിസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യുപി പോലിസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. യുപി പോലിസിന്റേത് ഇസ്‌ലാമോഫോബിക് നടപടിയാണെന്നും ആരോപണുയര്‍ന്നു. ഇതോടെയാണ് യുവതി ആശുപത്രിയില്‍ നമസ്‌കരിച്ചത് കുറ്റകൃത്യമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി യുപി പോലിസ് ട്വീറ്റ് ചെയ്തത്.

വീഡിയോയില്‍ കാണുന്ന യുവതി ജോലിക്കും സഞ്ചാരത്തിനും തടസമില്ലാതെയാണ് നമസ്‌കാരം നിര്‍വഹിച്ചത്. അവര്‍ക്ക് തെറ്റായ ഉദ്ദേശങ്ങളില്ലായിരുന്നു. രോഗി വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടിയാണ് അവര്‍ നമസ്‌കരിച്ചത്. ഈ പ്രവൃത്തി ഏതെങ്കിലും കുറ്റകൃത്യവിഭാഗത്തില്‍പെടുന്നില്ലെന്നും പോലിസ് ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുവതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് തേജ് ബഹാദൂര്‍ സപ്രു ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം കെ അഖൗരി പറഞ്ഞു. ഇതൊരു പൊതുസ്ഥലമാണ്. വാര്‍ഡിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരേ യുവതിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്- സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

യുപി പോലിസിന് വേറെ പണിയില്ലേ എന്നായിരുന്നു ഇതെക്കുറിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബന്ധുക്കളെ പരിചരിക്കുമ്പോള്‍ ഏതെങ്കിലുമൊരു കോണില്‍ ആരെയും വേദനിപ്പിക്കാതെ, അവര്‍ അവരുടെ മതമനുസരിച്ച് പ്രാര്‍ത്ഥിച്ചാല്‍ എന്താണ് കുറ്റം ? യുപി പോലിസിന് വേറെ പണിയില്ലേ? എവിടെ നമസ്‌കരിച്ചാലും അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സ്വകാര്യസ്ഥലത്ത് നമസ്‌കരിച്ചതിന് 25 മുസ്‌ലിംകള്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവം.

Tags:    

Similar News