പ്ലേറ്റ്‌ലറ്റിന് പകരം ശരീരത്തില്‍ കുത്തിവച്ചത് ജ്യൂസ്; യുപിയില്‍ ഡെങ്കിപ്പനി രോഗി മരിച്ചു (വീഡിയോ)

Update: 2022-10-21 06:12 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് ശരീരത്തില്‍ കുത്തിവച്ചതിനെത്തുടര്‍ന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. പ്രയാഗ്‌രാജിലെ സ്വകാര്യാശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 32കാരനായ യുവാവാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെത്തുടര്‍ന്ന് മരിച്ചത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ ആശുപത്രി അടപ്പിച്ചു. പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമാ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച യുവാവ് ചികില്‍സ തേടിയെത്തിയത്.

പ്ലാസ്മ എന്ന പേരെഴുതിയ ബാഗില്‍ കൂടി പ്ലേറ്റ്‌ലറ്റിന് പകരം മൊസമ്പി ജ്യൂസാണ് ആശുപത്രി അധികൃതര്‍ രോഗിയുടെ ശരീരത്തില്‍ കുത്തിവച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രോഗിയെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബ്ലഡ് പായ്ക്കിനുള്ളില്‍ മൊസാമ്പി ജ്യൂസ് നിറച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രോഗികള്‍ക്ക് പ്ലാസ്മ നല്‍കുന്നതിന് പകരം മൊസമ്പി ജ്യൂസ് ബ്ലഡ് പാക്കില്‍ നിറച്ച് അതാണ് കയറ്റുന്നതെന്നാണ് വീഡിയോയില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ബ്ലഡ് പാക്ക് തുറന്ന് ജ്യൂസിന് സമാനമായ ദ്രാവകം വീഡിയോയില്‍ കാണിക്കുന്നുമുണ്ട്. ഈ രീതിയില്‍ ഒരു രോഗി മരിച്ചെന്നും ഉടനടി ഈ പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെടണമെന്നുമാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. രോഗിയുടെ ശരീരത്തില്‍ പ്ലേറ്റ്‌ലറ്റ് കയറ്റിയിട്ടില്ലെന്നും മധുരമുള്ള രാസവസ്തുവോ മോസമ്പി ജ്യൂസോ ആണ് രോഗിയുടെ ശരീരത്തില്‍ കയറ്റിയതെന്ന് ഈ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ബന്ധുക്കളോട് പറഞ്ഞത്.

സംഭവത്തിന് പിന്നിലെ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അധികൃതര്‍ ആശുപത്രി പൂട്ടി സീല്‍ ചെയ്തത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് നടന്നതെന്ന് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഐജി രാകേഷ് സിങ് അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൊസമ്പി ജ്യൂസ് ആണോ വിതരണം ചെയ്തതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി പ്രജേഷ് പതക്കും സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. കര്‍ശന നടപടി സ്വീകരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News