അജ്ഞാത സ്രോതസ്സുകളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 11,000 കോടി

അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 2018-19ല്‍ ബിജെപിക്ക് ഇത്തരത്തില്‍ 1,612.04 കോടി രൂപയാണ് ലഭിച്ചത്.

Update: 2020-03-10 01:59 GMT

ന്യൂഡല്‍ഹി: 2004-05 മുതല്‍ 2018-19 വരെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് 11,234 കോടി രൂപ സംഭാവന ഇനത്തില്‍ ലഭിച്ചതായി ഇലക്ഷന്‍ വാച്ച്‌ഡോഗ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ ഏഴ് ദേശീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിച്ചാണ് എഡിആര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.

    20,000 രൂപയില്‍ താഴെ സംഭാവന നല്‍കിയ പേര് വെളിപ്പെടുത്താത്തവരെയാണ് അജ്ഞാത ഉറസ്രോതസ്സുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍, കൂപ്പണുകളുടെ വില്‍പ്പന, ദുരിതാശ്വാസ ഫണ്ട്, പലവക വരുമാനം, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍, യോഗങ്ങളില്‍നിന്നുള്ള സംഭാവന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

    അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 2018-19ല്‍ ബിജെപിക്ക് ഇത്തരത്തില്‍ 1,612.04 കോടി രൂപയാണ് ലഭിച്ചത്. ഇത് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ (2,512.98 കോടി രൂപ) 64 ശതമാനമാണെന്ന് എഡിആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റ് അഞ്ചു ദേശീയ പാര്‍ട്ടികള്‍ക്കു ലഭിച്ച മൊത്തം വരുമാനത്തേക്കാള്‍ 1.5 മടങ്ങ് കൂടുതലാണിത്. അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായി കോണ്‍ഗ്രസ് അറിയിച്ചത് 728.88 കോടി രൂപയാണ്. ഇത് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 29 ശതമാനമാണ്. 2004-05നും 2018-19നും ഇടയില്‍ കൂപ്പണുകളുടെ വില്‍പ്പനയില്‍ നിന്ന് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സംയോജിത വരുമാനം 3,902.63 കോടി രൂപയാണെന്നും എഡിആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.




Tags:    

Similar News