പൊള്ളാച്ചി പീഡനക്കേസ് രാഷ്ട്രീയവിവാദത്തിലേക്ക്; പ്രതിഷേധിച്ച കനിമൊഴിയും സംഘവും അറസ്റ്റില്‍

പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പോലിസിനു ലഭിച്ചിരുന്നു

Update: 2019-03-13 01:54 GMT

ചെന്നൈ: പൊള്ളാച്ചിയില്‍ 50ലേറെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസ് രാഷ്ട്രീയവിവാദത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടത്തിയ കനിമൊഴി ഉള്‍പ്പെടെയുള്ള 300ഓളെ ഡിഎംകെ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്നും സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിഎംകെ രംഗത്തെത്തിയത്. ഇതേ ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധ ധര്‍ണയ്ക്ക് ശേഷം കനിമൊഴി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. ഇതോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയുണ്ടായ സംഭവം പ്രതികൂലമാവാതിരിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍, സിബിഐ അന്വേഷണം വേണമെന്നും കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാക്കളുമായി ബന്ധമുണ്ടെന്നും ഡിഎംകെ ആരോപിച്ചു.

    സാമൂഹിക മാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടുണ്ടാക്കി 50ലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് തിരുനാവക്കരശ്, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയും മറ്റും പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുകയും സൗഹൃദവും പ്രണയം നടിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. തിരുനാവക്കരശ് ആണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. പൊള്ളാച്ചി സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം ചെറുക്കുകയും ബഹളം വയ്ക്കുകയും ചെയ്തതാണ് വന്‍ പീഡനക്കേസിന്റെ ചുരുളഴിഞ്ഞത്. തിരുനാവക്കരശ് ഇത്തരത്തില്‍ 100ലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടികളെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ചെന്നുമാണ് ആരോപണം. പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പോലിസിനു ലഭിച്ചിരുന്നു. ഏഴ് വര്‍ഷത്തോളമായി തുടരുന്ന പീഡനപരമ്പരയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപികമാര്‍, യുവ ഡോക്ടര്‍മാര്‍ തുടങ്ങി ഉന്നതര്‍ വരെയുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. എന്നാല്‍, പലരും മാനഹാനി ഭയന്ന പരാതി നല്‍കാതിരുന്നതിനാലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഗുണ്ടാനിയമം ചുമത്തപ്പെട്ട പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.




Tags:    

Similar News