വിവാഹ വാഗ്ദാനം നല്‍കി പീഡനം; ബിനോയ് കോടിയേരിക്കെതിരേ കേസ് -ബ്ലാക്ക് മെയിലിങ്ങ് ശ്രമമെന്ന് ബിനോയ്
പരാതി കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി ബിനോയ് കോടിയേരി രംഗത്തെത്തി. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് പറഞ്ഞു.
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ ആരോപണവുമായി മുംബൈ പോലിസില്‍ യുവതിയുടെ പരാതി. ദുബയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായ ബീഹാര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്‌ഐര്‍ റജിസ്റ്റര്‍ ചെയ്തത്. അന്ധേരി ഓഷിവാര പോലിസ് അന്വേഷണം ആരംഭിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ പോലിസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും ഏറെവര്‍ഷം മുന്‍പുള്ള കാര്യങ്ങളാണ് എന്നതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പോലിസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.
അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി ബിനോയ് കോടിയേരി രംഗത്തെത്തി. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് പറഞ്ഞു. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടിസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു. നാലു മാസം മുന്‍പ് യുവതി തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ മുംബൈ പോലിസില്‍ താനും പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു.