ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.
മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും. ഇതിനായുള്ള ഒരുക്കത്തിലാണ് മുംബൈ പോലിസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്നും യുവതി ആരോപിച്ചിരുന്നു.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്ക് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ബിനോയിക്ക് എതിരെ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കി എന്നുളള പ്രചാരണം യുവതി നിഷേധിച്ചിട്ടുണ്ട്.
പോലിസ് കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷം ഡിഎന്‍എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് യുവതിയുടെ നീക്കം. ദുബയില്‍ വെച്ചാണ് ബിനോയിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്ന് യുവതി പരാതിയില്‍ പറയുന്നു. അവിടെ ബാര്‍ നര്‍ത്തകിയായിരുന്ന യുവതിയുമായി ബിനോയിയുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. തുടര്‍ന്ന് 2009ല്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമൊക്കെ ബിനോയ് ചിലവ് വഹിച്ചിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.