കേരളത്തിലും പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിന് ഇനി ലാറ്ററല്‍ എന്‍ട്രി; സര്‍ക്കാര്‍ ഉത്തരവായി
പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഡിപ്ലോമ കോഴ്‌സുകള്‍ക്കു രണ്ടാം വര്‍ഷത്തിലേക്കു (മൂന്നാം സെമസ്റ്റര്‍) നേരിട്ട് അഡ്മിഷന്‍ ലഭിക്കും. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി.
മലപ്പുറം: കേരളത്തിലും പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിന് ഇനി ലാറ്ററല്‍ എന്‍ട്രി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഡിപ്ലോമ കോഴ്‌സുകള്‍ക്കു രണ്ടാം വര്‍ഷത്തിലേക്കു (മൂന്നാം സെമസ്റ്റര്‍) നേരിട്ട് അഡ്മിഷന്‍ ലഭിക്കും. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ ഇതാദ്യമായാണ് ഈ സൗകര്യം ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇതു നേരത്തേയുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് പ്രാവര്‍ത്തികമാകും. മറ്റ് സംസ്ഥാനങ്ങളില്‍ ഈ നിയമം ഉള്ളത് ചൂണ്ടി കാണിച്ച് കേരളത്തില്‍ ഇത് നടപ്പില്‍ വരുത്താന്‍ നീണ്ട കാലമായി മുറവിളി ഉയരുകയാണ്. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
പുതിയ ഉത്തരവിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ നടപടി സ്വീകരിച്ച കേരള സര്‍ക്കാറിന് കേരള പോളിടെക്‌നിക് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സി പി എ ലത്തീഫ് നന്ദി രേഖപ്പെടുത്തി.