പൊന്നാനിയില്‍ മോഷണം പോയ 550 പവന്‍ സ്വര്‍ണത്തില്‍ 438 പവനും കണ്ടെത്തി
സുഹൈലിനെ വിവിധ കേസുകളില്‍ ജാമ്യത്തിലെടുക്കാന്‍ സഹായിച്ചിരുന്ന ആദ്യ ഭാര്യ നൂര്‍ജയെയും മകള്‍ ഷഹലയെയും കേസില്‍ പോലിസ് ചോദ്യം ചെയ്തിരുന്നു
പൊന്നാനി: ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ന്ന 550 പവന്‍ സ്വര്‍ണത്തില്‍ 438 പവനും പോലീസ് കണ്ടെടുത്തു. ബാക്കി സ്വര്‍ണം വിറ്റു കിട്ടിയ 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. മോഷണം പോയ സ്വര്‍ണത്തിന്റെ 99 ശതമാനവും കണ്ടെത്താനായെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
ഏപ്രില്‍ 13ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പില്‍ രാജീവിന്റെ ബിയ്യത്തുള്ള വീട്ടില്‍ മോഷണം നടന്നത്. 350 പവന്‍ മോഷണം പോയെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം മോഷണം പോയതായി മനസ്സിലായത്. സിസിടിവിയുടെ ഡിവിആര്‍, വിലകൂടിയ നാല് കുപ്പി വിദേശമദ്യം എന്നിവയും പ്രതികള്‍ കൊണ്ടുപോയിരുന്നു.
ഇത്രയും സ്വര്‍ണം മോഷ്ടിച്ചവര്‍ ആരാണെന്ന് പോലിസിന് ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. എട്ടുമാസമെടുത്താണ് തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെ പിടികൂടിയത്.
ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂരിലെ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേര്‍ന്ന് കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടര കിലോഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉരുക്കി കട്ടിയാക്കി വിറ്റ സ്വര്‍ണവും പോലീസ് പിടിച്ചെടുത്തു. എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷണമുതല്‍ ഏതാണ്ട് മുഴുവനായി കണ്ടെത്താന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പോലിസ്.
കൊടുവള്ളിയില്‍ കൊണ്ടുപോയി ഉരുക്കിയ സ്വര്‍ണം കോട്ടയ്ക്കല്‍ ചട്ടിപ്പറമ്പിലുള്ള ഒരു ജ്വല്ലറിയിലാണ് പ്രതികള്‍ വിറ്റിരുന്നത്. സുഹൈലിനെ വിവിധ കേസുകളില്‍ ജാമ്യത്തിലെടുക്കാന്‍ സഹായിച്ചിരുന്ന ആദ്യ ഭാര്യ നൂര്‍ജയെയും മകള്‍ ഷഹലയെയും കേസില്‍ പോലിസ് ചോദ്യം ചെയ്തിരുന്നു. മോഷ്ടിച്ച സ്വര്‍ണം വിറ്റതില്‍നിന്ന് പത്ത് ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ മനസിലായത്. ഇതാണ് തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിന് വഴിത്തിരിവായത്.