സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ പൂജ; മാനേജ്‌മെന്റിനും അധ്യാപികയ്ക്കുമെതിരേ നടപടിക്കു സാധ്യത
കോഴിക്കോട്: സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജയും ഗണപതിഹോമവും നടത്തിയ സംഭവത്തില്‍ നടപടിക്ക് സാധ്യത. കുറ്റിയാടിക്ക് സമീപം നെടുമണ്ണൂര്‍ എല്‍പി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രാത്രി ഗണപതിഹോമവും പൂജയും നടത്തിയത്. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സ്‌കൂളില്‍ പൂജ നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ. സ്‌കൂളിലെ അധ്യാപികയും പൂജയില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ടു കാറുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടക്കുന്നതായി മനസ്സിലായത്. വിവരമറിഞ്ഞ് പ്രദേശവാസികള്‍ രാത്രി തന്നെ സ്‌കൂളിലെത്തുകയും പ്രതിഷേധം ഉയരുകയും ചെയ്തു. സ്ഥലത്തെത്തിയ തൊട്ടില്‍പ്പാലം പോലിസ് പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. മഹാനവമി ദിനത്തില്‍ നടത്താന്‍ തീരുമാനിച്ച ഹോമവും പൂജയും ശാന്തിക്കാരനെ കിട്ടാത്തതിനാല്‍ ഇപ്പോള്‍ നടത്തുകയായിരുന്നു എന്നാണ് സ്‌കൂള്‍ മാനേജര്‍ പോലിസിനോട് പറഞ്ഞത്.
സംഭവം വിവാദമായതോടെ മാനേജ്‌മെന്റ് അധികൃതര്‍ക്കും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കുമെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തേക്കുമെന്നാണ് റിപോര്‍ട്ട്. സംഭവത്തെ കുറിച്ച് കുന്നുമ്മല്‍ എഇഒ അന്വേഷണം നടത്തുകയും ചട്ടലംഘനം നടന്നതായി പെതുവിദ്യാഭ്യസ ഡയറക്ടര്‍ ജനറലിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. നടപടി സംബന്ധിച്ച് ഉടന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം. സ്‌കൂളില്‍ നടന്ന പൂജ നിര്‍ത്തിവയ്ക്കാന്‍ പ്രധാനാധ്യാപിക മാനേജരുടെ മകന്‍ രുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു തയ്യാറാവാതെ പൂജ തുടര്‍ന്നെന്നും ഇത് ചട്ടലംഘനമാണെന്നും എഇഒയുടെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. റിപോര്‍ട്ട് പരിശോധിച്ച് മാനേജ്‌മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികയ്ക്കുമെതിരേ നടപടിയെടുക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. എഇഒ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് റിപോര്‍ട്ട് കൈമാറും. സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്ത്വത്തില്‍ സമര സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായെത്തി. നടപടിയെടുക്കുന്നത് വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.