പൂഞ്ഞാര്‍ സംഭവം: ഈരാറ്റുപേട്ടയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കും: എസ് ഡിപിഐ

Update: 2024-02-28 14:43 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാഥികളുടെ ഫെയര്‍വെല്‍ ആഘോഷത്തിനിടെയുണ്ടായ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി എച്ച് ഹസീബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഫോട്ടോ ഷൂട്ടിനായി പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനത്ത് വാഹനം പ്രവേശിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. വിദ്യാഥികളുടെ ബൈക്ക് തട്ടി പള്ളിയിലെ കൊച്ചച്ചന്റെ കണ്ണടയ്ക്കു കേടുപാടുണ്ടായ സംഭവത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നത്. അന്നേദിവസം വൈകീട്ട് കാസ-പി സി ജോര്‍ജ് സംഘം ഇടപെട്ട് പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിച്ച് 27 വിദ്യാര്‍ഥികളെ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാ വകുപ്പില്‍ റിമാന്റ് ചെയ്തു. സംഭവത്തിന്റ നിജസ്ഥിതി മനസ്സിലാക്കാതെ എം.എല്‍.എയും എം.പിയുമുള്‍പ്പെടെ യാഥാര്‍ഥ്യത്തിനൊപ്പം നില്‍ക്കാതെ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ഒത്താശ ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. വര്‍ഗീയ ധ്രുവീകരണ നടപടികള്‍ക്ക് നേതൃതം നല്‍കിയവരെ രാഷ്ട്രീയ വനവാസത്തിനയച്ച പാരമ്പര്യമാണ് ഈരാറ്റുപേട്ടയ്ക്കുള്ളതെന്ന് ജനപത്രിനിധികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഉച്ചയ്ക്കുണ്ടായ സംഭവത്തില്‍ വൈകീട്ട് 5 മണിക്ക് കൂട്ടമണിയടിച്ച് ആളെക്കൂട്ടി പ്രശ്‌നം വഴിതിരിച്ച് വിട്ടതും മതംനോക്കി പോലിസുകാരനെ മര്‍ദ്ദിച്ചതും പള്ളിയില സിസിടിവി ദ്യശ്യങ്ങള്‍ ഇല്ലാത്തതും ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ എസ് ഡിപിഐ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളില്‍, കമ്മിറ്റിയംഗം സിറാജ് വാക്കാപറമ്പ് പങ്കെടുത്തു.

Tags:    

Similar News