പൂഞ്ഞാര്‍ സംഭവം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം

Update: 2024-03-01 10:03 GMT

കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളി ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷത്തിനിടെ അസി. വികാരിക്ക് ബൈക്ക് തട്ടിയ സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ സംഭവത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ജാമ്യം. അസി. വികാരിയെ വാഹനമിടിപ്പിച്ചെന്ന കേസിലാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി പ്രായപൂര്‍ത്തിയായ 17 പേര്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാവാത്ത 10 വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 27 വിദ്യാര്‍ഥികള്‍ക്കും ജാമ്യം ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്ക് ഇന്നലെ ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പ്രതികളായ 27 പേരും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. ജയിലിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമോ വൈദികനുമായി വ്യക്തിപരമായ വൈരാഗ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം 10 വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചത്.

    അതേസമംയ, പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടറേറ്റില്‍ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മതസാമുദായിക പ്രതിനിധികളുടെയും യോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നു. പള്ളി അസി. വികാരിക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തെ യോഗം അപലപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകള്‍ വീണ്ടും ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുമെന്ന് യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച വസ്തുതകള്‍ ജില്ലാ പോലിസ് മേധാവി പരിശോധിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കുമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആന്റോ ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോര്‍ജ മാത്യു, കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്, പാലാ ആര്‍ഡിഒ കെ പി ദീപ, പാലാ രൂപത വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, സെന്റ് മേരീസ് പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുല്‍ ഹമീദ്, മുഹമ്മദ് ഇസ്മായില്‍, പോലിസ് ഉദ്യോഗസ്ഥര്‍, അറസ്റ്റിലായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News