'ഞങ്ങളെയും അറസ്റ്റ് ചെയ്യൂ'; കേന്ദ്ര വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2022-09-22 07:09 GMT

ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ അറസ്റ്റ് വരിക്കാന്‍ തയ്യാറായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് അറസ്റ്റ് വരിക്കാന്‍ തയ്യാറായി മൈസൂരിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. അന്യായമായി കസ്റ്റഡിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതിനെതിരേ ജനകീയ പ്രതിഷേധം ഉയരുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാറിന്റെ വേട്ടയാടല്‍ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളും തെരുവിലിറങ്ങി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംഘടനയെ വേട്ടയാടി ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, അസം, മണിപ്പൂര്‍ ഉള്‍പ്പടെ പത്തിലധികം സംസ്ഥാനങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീന്‍, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതിയംഗം പ്രഫ. പി കോയ തുടങ്ങി 22 നേതാക്കളെ കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേശീയ നേതാക്കളായ ഷാഖിഫ്, അഫ്‌സര്‍, ആസിഫ്, ഇസ് മായില്‍, നാസര്‍ പാഷ, യാസിര്‍ ഹസന്‍ തുടങ്ങിവരെ ഡല്‍ഹി, കര്‍ണാടക ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള അന്വേഷ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

കര്‍ണാടകയില്‍ മംഗളൂരുവിലും ബംഗളൂരുവിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തില്‍ റോഡ് ഉപരോധമുള്‍പ്പടെ ശക്തമായ സമരത്തിലേക്ക് നീങ്ങി. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലും കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

Tags:    

Similar News