ന്യൂഡല്‍ഹി: എന്‍ഐഎ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഐഎയ്ക്ക് നോട്ടിസയച്ചു. പ്രതിയായ മുഹമ്മദ് യൂസഫ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. എഫ്‌ഐആര്‍, റിമാന്റ് റിപ്പോര്‍ട്ട് എന്നിവ ആവശ്യപ്പെട്ട ഹരജിയിലാണ് കോടതി എന്‍ഐഎയ്ക്ക് നോട്ടിസ് അയച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
പോപ്പുലര്‍ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും സെപ്റ്റംബര്‍ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ െ്രെടബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡ്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപുലര്‍ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാന്‍ അവസരമുണ്ടാകും.