റഈസ അന്‍സാരിയുടെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
'ആരാണ് എനിക്ക് ജോലി തരിക, ആരാണ് എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുക. എന്റെ പേര് റഈസ അന്‍സാരി, അതുതന്നെയാണ് എനിക്ക് തൊഴില്‍ ലഭിക്കാത്തതിനും കാരണം' റഈസ പറഞ്ഞു.
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പച്ചക്കറി മാര്‍ക്കറ്റ് അടച്ചുപൂട്ടാനൊരുങ്ങി സ്ഥലത്തെത്തിയ മുനിസിപ്പല്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശ്രദ്ധേയയായ റഈസ അന്‍സാരിയുടെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. പോപുലര്‍ ഫ്രണ്ട് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് ഖലീല്‍ റാസയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് റഈസയെ അവരുടെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത്. റഈസക്ക് അഭിനന്ദനം അറിയിച്ച നേതാക്കള്‍ അവര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. പോപുലര്‍ഫ്രണ്ട് ഇന്‍ഡോര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം, ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാലിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പച്ചക്കറി മാര്‍ക്കറ്റില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ സംസാരിക്കുന്ന പച്ചക്കറി വില്‍പ്പനക്കാരിയുടെ വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തില്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടാനൊരുങ്ങി സ്ഥലത്തെത്തിയ മുനിസിപ്പല്‍ അധികൃതരുമായി തര്‍ക്കിക്കുന്ന റഈസ അന്‍സാരിയായിരുന്നു വീഡിയോയില്‍ നിറഞ്ഞുനിന്നത്.
റഈസ ഒരു പിഎച്ച്ഡിക്കാരിയാണെന്ന യാഥാര്‍ത്ഥ്യവും ഇതോടെ പുറത്തുവന്നു. ദേവി അഹല്യ സര്‍വ്വകലാശാലയില്‍ നിന്ന് 2011 ലാണ് മെറ്റീരിയല്‍ സയന്‍സില്‍ റഈസ പിഎച്ച്ഡി ബിരുദം നേടിയത്. തുടര്‍ ജീവിതത്തിന് വേറെ മാര്‍ഗമില്ലാതായതോടെ അവര്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. തന്റെ പേരും മതവുമാണ് തനിക്ക് ജോലി നിഷേധിക്കാന്‍ ഇടയാക്കിയതെന്ന് പച്ചക്കറി വില്‍പ്പനയിലേക്ക് തിരിയേണ്ടി വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റഈസ പറഞ്ഞു.
'ആരാണ് എനിക്ക് ജോലി തരിക, ആരാണ് എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുക. എന്റെ പേര് റഈസ അന്‍സാരി, അതുതന്നെയാണ് എനിക്ക് തൊഴില്‍ ലഭിക്കാത്തതിനും കാരണം' റഈസ കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റ് പൊളിച്ചുനീക്കിയാല്‍ പിന്നെ ഇരുപതില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബം എങ്ങനെ ജീവിക്കുക. എവിടെയാണ് ഞങ്ങള്‍ പോവുക, കലക്ടറുടെ ഓഫിസിലോ മോദിയുടെ വീട്ടിലോ അതോ മുനിസിപ്പാലിറ്റിക്കു മുന്നിലോ ആണോ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടത് മുനിസിപ്പല്‍ അധികൃതരെ കടുത്ത ഭാഷയില്‍ റഈസ ചോദ്യം ചെയ്തു.
കഴിഞ്ഞ 50 വര്‍ഷക്കാലമായി റഈസയുടെ കുടുംബം ഇന്‍ഡോറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്നു. ഗവേഷണ ബിരുദം നേടിയെങ്കിലും ആ മേഖലയില്‍ ജോലി ലഭിക്കാതായതോടെ പിതാവിന്റെ വഴിയില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. ഇവിടെ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ചാണ് കുടുംബച്ചെലവുകള്‍ കഴിക്കുന്നത്.