ആര്‍എസ്എസ്സിന്റെ തിട്ടൂരമനുസരിച്ച് ഇനിയും ഇഡി വന്നാല്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരും: എ അബ്ദുല്‍ സത്താര്‍
കൊച്ചി: എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം നടപ്പാക്കുകയെന്ന ആര്‍എസ്എസ് ലക്ഷ്യത്തിലേക്കാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമാവരുത്, കേന്ദ്രസര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഇഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ്സിന്റെ ചട്ടുകമായി ഇഡിയും കേന്ദ്ര ഏജന്‍സികളും മാറരുത്. ആര്‍എസ്എസ്സിന്റെ തീട്ടൂരമനുസരിച്ച് പോപുലര്‍ ഫ്രണ്ടിന് നേരേ ഇനിയും ഇഡി വന്നാല്‍ ജനകീയ പ്രക്ഷോഭം മറികടക്കാതെ മുന്നോട്ടുപോകാനാവില്ല. ബിജെപി ഭരണകൂടം ഇഡിയെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയാണെന്ന് സുപ്രിംകോടതി പോലും പറഞ്ഞിരിക്കുന്നു. എത്രത്തോളം ഭയാനകമാണ് രാജ്യത്തെ അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലാവും. ഇഡി എന്നത് രാജ്യത്തിന്റെ സംവിധാനമാണ്. രാജ്യത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് നിലപാട് എടുക്കണേണ്ടതിനു പകരം നാഗ്പൂരില്‍നിന്നും ആര്‍എസ്എസ്സുകാരന്‍ പറയുന്നത് അനുസരിച്ചാവരുത് ഇഡി പ്രവര്‍ത്തിക്കേണ്ടത്. ആര്‍എസ്എസ്സിന്റെ തിട്ടൂരങ്ങള്‍ വലിച്ചെറിഞ്ഞാല്‍ മാത്രമെ കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ടിനെതിരേ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും രംഗത്തുണ്ട്. നുണകള്‍ പ്രചരിപ്പിച്ചുള്ള വേട്ടയാടലിലൂടെ സംഘടനയെ ഇല്ലാതാക്കാന്‍ ഈ ഘട്ടത്തിലൊക്കെ ശ്രമിച്ചെങ്കിലും ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ ഒരു കേന്ദ്ര ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. ഒരു വിദേശശക്തികളുടേയും നക്കാപ്പീച്ച വാങ്ങേണ്ട ഗതികേട് പോപുലര്‍ ഫ്രണ്ടിനില്ല. കേരളത്തിലെ ഹവാല പണം സംബന്ധിച്ച അന്വേഷണം ബിജെപി നേതാക്കളിലേക്കാണ് എത്തിയത്. അതോടെ അന്വേഷണം നിലച്ചു. തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് എത്തിയ 400 കോടിയുടെ കള്ളപ്പണത്തിന്റെ അന്വേഷണമെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനിലാണ്. ഈ കേസിലെ തുടരന്വേഷണം എവിടെയെത്തി.
കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അടിച്ചിരുന്നവര്‍ ബിജെപി നേതാക്കള്‍ ആണെന്ന് കണ്ടെത്തിയിട്ടും അന്വേഷണം നടത്താന്‍ ഇഡി തയ്യാറായോ. കള്ളപ്പണം ഒഴുക്കി നാട്ടിലെ സമാധാനം ഇല്ലാതാക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും സംഘവും ശ്രമിക്കുന്നത്. നുണപ്രചാരണത്തിലൂടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വംശീയവാദിയാണ് കെ സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ ആരോപിക്കപെടുന്ന ഒരു ഇടപാടുകളിലും ഏര്‍പ്പെടുന്ന പ്രസ്ഥാനമല്ല പോപുലര്‍ ഫ്രണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ രാജ്യത്തിന്റെ തെരുവുകളില്‍ വേട്ടയാടപ്പെടുകയാണ്.
പൗരന്‍മാര്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. വേട്ടക്കാരായ സംഘപരിവാരത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഭരണകൂടം മാറുന്നു. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് രാജ്യത്ത് നീതി പുലരണമെന്ന് ആവശ്യവുമായാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ഇക്കാലമത്രയും ഭയപ്പാടോടെ കഴിഞ്ഞിരുന്ന മുസ്‌ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി അധികാരികള്‍ക്ക് മുന്നില്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗീയ ലഹളകളിലൂടെയും കലാപങ്ങളിലൂടെയും രാജ്യത്തെ പൗരന്‍മാരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിയിരുന്ന ആര്‍എസ്എസ്സിനെതിരേ ജനങ്ങള്‍ ശബ്ദിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. ഇതോക്കെ പോപുലര്‍ ഫ്രണ്ട് കാല്‍നൂറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.
രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് ഉണ്ടാക്കിയെടുത്ത ഈ മുന്നേറ്റത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് നടക്കുന്നത്. അതിനായി സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക. അത് കൂലിയെഴുത്തുകാരെ കൊണ്ട് പ്രചരിപ്പിക്കുക. തുടര്‍ന്ന് വേട്ടയാടി ഇല്ലാതാക്കുന്ന എന്ന തന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. എന്നാല്‍, ആര്‍എസ്എസ്സിന്റെ ഇത്തരത്തിലുള്ള ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല പോപുലര്‍ ഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. വംശീയ വിദ്വേഷത്തിലൂടെ രാജ്യത്തെ മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസ്സിനെതിരേ എല്ലാക്കാലത്തും പോപുലര്‍ ഫ്രണ്ട് നിലപാടെടുക്കും. അത് രാജ്യതാല്‍പര്യമാണ്.
രാജ്യത്തെ അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കേണ്ടതുണ്ട്. മുസ്‌ലിമായി പോയതിന്റെ പേരില്‍ ആ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ല. എല്ലാവര്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അവകാശങ്ങള്‍ ലഭിക്കാനും ആരാധനാസ്വാതന്ത്ര്യം നടത്താനും കഴിയുന്ന രാജ്യമായി ഇന്ത്യ മാറണം. ഈയൊരു ഘട്ടത്തില്‍ ആര്‍എസ്എസിന്റെ ഭീഷണിക്ക് വഴങ്ങാതെ ജനകീയ പോരാട്ടത്തിന് രാജ്യത്തെ ജനങ്ങള്‍ തയ്യാറെടുക്കണം. യഥാര്‍ഥ കുറ്റവാളികള്‍ക്ക് നേരെ കണ്ണടയ്ക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ പീഡിത വിഭാഗങ്ങളെ തെരുവിലിറക്കിയുള്ള സമരങ്ങള്‍ നേരിടേണ്ടിവരും.
ജനകീയപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് രംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍, ജില്ലാ പ്രസിഡന്റ് വി കെ സലിം സംസാരിച്ചു. മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ സെക്രട്ടറിമാരായ അറഫാ മുത്തലിബ്, ഷിജാര്‍ നേതൃത്വം നല്‍കി. ലിസി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഇഡി ഓഫിസിന് സമീപം എംജി റോഡില്‍ പോലിസ് തടഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു.