പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ്: ആദ്യഘട്ട വിതരണം നടത്തി
സംസ്ഥാന തല വിതരണോദ്ഘാടനം കൊട്ടാരക്കര ഹോട്ടല്‍ നാഥന്‍ പ്ലാസയില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം കരമന അഷ്‌റഫ് മൗലവി നിര്‍വഹിച്ചു
കൊട്ടാരക്കര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2019-20 അധ്യയന വര്‍ഷത്തേക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം കൊട്ടാരക്കര ഹോട്ടല്‍ നാഥന്‍ പ്ലാസയില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം കരമന അഷ്‌റഫ് മൗലവി നിര്‍വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണ് വിതരണം നടത്തിയത്. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് കരമന അഷ്‌റഫ് മൗലവി പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാലാണ് മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോട്ട് തള്ളപ്പെട്ടത്. ഇത് സാമൂഹികമായ പിന്നോക്കാവസ്ഥയ്ക്കും കാരണമായി. സാമൂഹിക പുരോഗതിക്ക് വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യമാണെന്നു തിരിച്ചറിയുകയും വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ഗണന നല്‍കി സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ ചലോ, സര്‍വ ശിക്ഷാ ഗ്രാമം തുടങ്ങിയ പദ്ധതികള്‍ ദേശീയതലത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തിവരുന്നത്. പുതിയ കാലത്തോട് ആത്മാഭിമാനത്തോടെ പ്രതികരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയേണ്ടതുണ്ട്. ചൂഷക വ്യവസ്ഥയ്‌ക്കെതിരേ പ്രതികരിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി വിദ്യാര്‍ഥികള്‍ വളരണം. അവകാശങ്ങളും ബാധ്യതകളും തിരിച്ചറിഞ്ഞ് അവയ്ക്കായി നിലകൊള്ളാന്‍ കഴിയണം. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ അറിവും വിമോചനവുമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി ജെ ആര്‍ നൗഫല്‍, എന്‍ ഡബ്ല്യൂ എഫ് ജില്ലാ കമ്മിറ്റിയംഗം നൂര്‍ജഹാന്‍ സജീവ്, കാംപസ് ഫ്രണ്ട് ജില്ലാ ഖജാഞ്ചി എച്ച് അല്‍ അമീന്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ആക്‌സസ് ഇന്ത്യ ചീഫ് ട്രെയിനര്‍ ഡോ. അസ്‌ലം പേരാമ്പ്ര, ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്.