കേരള സര്‍വകലാശാല ഉത്തരസൂചികയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ വിദ്വേഷം; കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2022-05-08 09:37 GMT

കോഴിക്കോട്: കേരള സര്‍വകലാശാല പരീക്ഷ ഉത്തര സൂചികയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഹിന്ദുത്വ വര്‍ഗീയവല്‍കരണത്തിനുള്ള പ്രത്യക്ഷ തെളിവാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിരുദ്ധ പൊതുബോധത്തിനും ഹിന്ദുത്വ ഭീകരതക്കും മേല്‍ക്കൈ ലഭിക്കുന്നു എന്നതാണ് ഉത്തര സൂചികയില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തെ ഒളിച്ചു കടത്തിയിരുന്ന മുസ്‌ലിം വിരുദ്ധ വര്‍ഗീയത ഇപ്പോള്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ കഴിയും വിധം വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുത്തിരിക്കുകയാണ്.

ഏപ്രില്‍ മാസം നടന്ന ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ സ്‌റ്റേറ്റ് ആന്‍ഡ് സൊസൈറ്റി ഇന്‍ കേരള എന്ന പേപ്പറിലെ 44ാം ചോദ്യത്തിന് നല്‍കിയ ഉത്തര സൂചികയിലാണ് ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും സര്‍വകലാശാല തന്നെ തീവ്രവാദമുദ്ര പതിച്ചുനല്‍കിയിരിക്കുന്നത്.

'കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ ഉദയത്തിനുള്ള കാരണം വിശദീകരിക്കാന്‍ 15 മാര്‍ക്കിനായിരുന്നു ചോദ്യം. കഴിഞ്ഞ ചൊവ്വാഴ്ച ഈ പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്ക് നല്‍കിയ ഉത്തര സൂചികയിലാണ് 44ാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഉണ്ടായിരിക്കേണ്ട സൂചകങ്ങള്‍ നല്‍കിയത്. 'ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഫ്യൂഡല്‍ പ്രഭുക്കളുടെയും പോലിസിന്റെയും ചൂഷണങ്ങള്‍ എന്‍ഡിഎഫ്, പിഡിപി, നക്‌സലൈറ്റ്‌സ്' എന്നിങ്ങനെയാണ് ഉത്തര സൂചിക നല്‍കിയത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘപരിവാര്‍ പൊതുബോധത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. വിഭ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം അക്കാദമിക തലത്തില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ ഭീകരത സര്‍ക്കാര്‍ സംവിധാനങ്ങളില്‍ എന്തുമാത്രം സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കേവലമായ അക്കാദമിക പ്രശ്‌നമായിട്ടല്ല ഉത്തര സൂചികയില്‍ ന്യൂനപക്ഷ സംഘടനകളെ തീവ്രവാദ മുദ്ര ചാര്‍ത്തിയ നടപടി ഉയര്‍ന്നുവരേണ്ടത്. അക്കാദമിക തലത്തിലുള്ള ചര്‍ച്ചകളെയും ചിന്തകളെയും ആര്‍എസ്എസിന്റെ വംശഹത്യ ഉന്‍മൂലന പരിപാടിക്ക് പാകപ്പെടുത്തിയെടുക്കുന്നതിനുള്ള പരിശ്രമമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്.

മുസ്‌ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ വേട്ടയാടാനും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉന്‍മൂലനം ചെയ്യാനും ആവശ്യമായ സാമൂഹിക പരിസരം ഒരുക്കുന്ന ദൗത്യമാണ് ഇത്തരം ഭീകരവല്‍ക്കരണത്തിലൂടെ വര്‍ഗീയവാദികളായ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നത്. നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടന്നതും ഇതിന്റെ ഭാഗമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെയും ഹിന്ദുത്വ പൊതുബോധത്തിനെതിരെയും നിരന്തരമായ പ്രക്ഷോഭം പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരേണ്ടതുണ്ട്. സാമൂഹികരാഷ്ട്രീയ മേഖലയിലുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. ഏകപക്ഷീയമായി മുസ്‌ലിംകളെ കുറ്റവാളികളാക്കി മദിച്ച് രസിക്കാമെന്ന് ഒരാളും കരുതേണ്ടതില്ല. അതിന് വലിയ വില നല്‍കേണ്ടി വരും.

രാജ്യം കണ്ട ഏറ്റവും ഭീകര സംഘടനയാണ് ആര്‍എസ്എസ്. നിരവധി കലാപങ്ങള്‍ നടത്തിയിട്ടുള്ള, രാഷ്ട്ര പിതാവിനെ കൊലചെയ്ത, രാജ്യത്തിന്റെ സകല മൂല്യങ്ങളെയും നശിപ്പിക്കുന്ന, ഭരണഘടന കത്തിക്കുന്ന, ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ ഫാഷിസമാണ് ഏറ്റവും വലിയ ഭീകരത. ഹിന്ദുത്വ ഭീകരതയെ കുറിച്ച് ഒരു സൂചനയോ ചര്‍ച്ചയോ നടത്താതെ, എല്ലാവിധ തീവ്രവാദങ്ങളുടെയും കേന്ദ്രബിന്ദു ന്യൂനപക്ഷങ്ങളിലേക്കും മുസ്‌ലിംകളിലേക്കും വരുത്തിത്തീര്‍ക്കുന്ന ഏകപക്ഷീയമായ സമീപനമാണ് കേരള സര്‍വകലാശാലയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

ഉത്തര സൂചികയിലെ ന്യൂനപക്ഷ വിരുദ്ധത യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് മുസ്‌ലിം സംഘടനകളെ തീവ്രവാദമുദ്ര ചാര്‍ത്താന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണത്തിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസ വകുപ്പില്‍ സംഘപരിവാറിന്റെ വംശവെറി പേറുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനാണെങ്കിലും സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ നല്‍കുന്ന സൂചികയാണ് മൂല്യനിര്‍ണയത്തിനായി അയച്ചുനല്‍കുന്നത്. ഉത്തര സൂചിക തയ്യാറാക്കിയ അധ്യാപകനെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിപ്പിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News