സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലിസ് നടപടി പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്

Update: 2022-06-11 01:55 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാലക്കാട് പോലിസിന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പോലിസ് ഭാഷ്യം. റഊഫിനെ കള്ളക്കേസില്‍ കുടുക്കാനായി പോലിസിലെ ഒരു വിഭാഗം നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നില്‍. സംഘപരിവാര്‍ തിരക്കഥക്കനുസരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ശഹീദ് സുബേറിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം പാതിവഴിയില്‍ നിര്‍ത്തിവച്ച പോലിസ് നടപടിയിലെ പ്രകടമായ വിവേചനം തുറന്നു കാണിക്കപ്പെട്ടതോടെ, ഭീകരത സൃഷ്ടിച്ചും നിരപരാധികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പകവീട്ടാനാണ് പോലിസ് ശ്രമിക്കുന്നത്. ഇതിനായി അധികാരവും നിയമവും ദുരുപയോഗം ചെയ്യുകയാണ് പോലിസ്. സാമാന്യ നീതി പോലും കാറ്റില്‍ പറത്തുന്ന ഇത്തരം നീക്കങ്ങളെ നിയമപരമായും ജനകീയമായും നേരിടും. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News