പാലക്കാട് ജില്ലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ഭാര്യയുടെ ഹരജി തള്ളിക്കൊണ്ട് വിധിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളാണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണ് എങ്കിലും നിരോധിത സംഘടനകള്‍ അല്ലെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം മറച്ചുവച്ച് പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണെന്നാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. വിധി കഴിഞ്ഞ അഞ്ചാം തീയതിയാണ് വന്നത്. പക്ഷെ സംഘടനക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്.
ഹരജിയില്‍ വാദം നടന്ന ഒരുഘട്ടത്തിലും പോപുലര്‍ ഫ്രണ്ടിന്റെ ഭാഗം കോടതി കേട്ടിട്ടില്ല എന്ന വസ്തുത മനപ്പൂര്‍വം തിരസ്‌കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഹരജിക്ക് പിന്നിലുണ്ടായിരുന്ന ആര്‍എസ്എസും സര്‍ക്കാര്‍ അഭിഭാഷകനും സമര്‍പ്പിച്ച കെട്ടുകഥകളെ അടിസ്ഥാനമാക്കിയാണ് പോപുലര്‍ ഫ്രണ്ടിനെതിരായ പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായത്. നീതിനിര്‍വഹണത്തോട് കാട്ടുന്ന അനീതിയാണിത്. ഏകപക്ഷീയമായ കോടതി വിധി നിലനില്‍ക്കില്ല. വിരമിക്കലിനു ശേഷം നേടാവുന്ന സ്ഥാനങ്ങള്‍ക്ക് വേണ്ടി നീതി നിര്‍വഹണ സംവിധാനത്തെ ദുരുപയോഗം ചെയുന്ന സംഭവം ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.
ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള കോടതി പരാമര്‍ശം അന്യായവും നീതിയുക്തമല്ലാത്തതുമാണ്. ഈ പരാമര്‍ശം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.