പോലിസിലെ ആര്‍എസ്എസ് സ്ലീപ്പല്‍ സെല്‍: പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന ജനങ്ങളും സര്‍ക്കാരും ഗൗരവമായി തന്നെ കാണണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. സംഘപരിവാരവും അതിന്റെ സംവിധാനങ്ങളില്‍ നിന്നും മുസ്‌ലിം സമുദായത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും ആനി രാജയുടെ പ്രസ്താവനയോട് ഗൗരവതരമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ആര്‍എസ്എസ് ഗ്യാങിനെ കുറിച്ചുള്ള നിരീക്ഷണം നടത്തിയിട്ടുള്ളത്. പോലിസിനകത്ത് ആര്‍എസ്എസ് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത കേരളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ പോലിസ് സേനയിലെ ആര്‍എസ്എസ് ഫ്രാക്ഷന്‍ ഒന്നുകൂടി ശക്തിപ്പെടുകയാണ് ചെയ്തത്.
കേരളത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകളില്‍ പോലിസ് മൃദുസമീപനം സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ പോലിസ് വിമുഖത കാണിച്ചതും പിന്നീട് ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും പോലിസ് സംഘപരിവാര്‍ കൂട്ടുക്കെട്ടിന്റെ നിഷേധിക്കാനാവാത്ത തെളിവാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പങ്കാളിത്തം സംശയിക്കുന്ന കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം മന്ദഗതിയിലായതും ബിജെപി നേതാക്കളെ പ്രതിചേര്‍ക്കാതെ ഒഴിവാക്കിയതും ഇപ്പോള്‍ കവര്‍ച്ചാ കേസ് മാത്രമാക്കി ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതും ഒന്നുകില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയോ അല്ലെങ്കില്‍ പോലിസിനുള്ളിലെ ആര്‍എസ്എസ്സ് സ്വാധീനമോ ആണ്. സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസുകളിലും പോലിസിന്റെ ബോധപൂര്‍വമുള്ള നിസ്സംഗത പ്രകടമായതാണ്. ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ മൂന്നു മാസത്തോളം കേരളത്തില്‍ അഴിഞ്ഞാടിയ ആര്‍എസ്എസ് നെടുമങ്ങാട് പോലിസ് സ്‌റ്റേഷന് നേരെ നടത്തിയ ബാംബാക്രമണ കേസില്‍ പോലും അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം ബിജെപി പ്രവര്‍ത്തകരിലേക്കും ജനം ടിവി മേധാവിയിലേക്കും എത്തിയതോടുകൂടി അന്വേഷണം മരവിപ്പിച്ചു.
മുസ്‌ലിംങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കും പോലിസ് കൂട്ടുനില്‍ക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കാസര്‍ഗോഡ് ബയാര്‍ പള്ളി ഇമാമായ അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ളുഹര്‍ നിസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകും വഴിയാണ് നാമജപ കലാപകാരികള്‍ തലക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ബയാര്‍ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി. കാസര്‍ഗോഡ് തന്നെയാണ് ഭിന്നശേഷിക്കാരനായ എട്ട് വയസുകാരന്‍ ഫഹദിനെ മദ്രസയിലേക്ക് പോകുംവഴി തടഞ്ഞുനിര്‍ത്തി കഴുത്തറത്ത് കൊന്നത്. ഇസ്‌ലാം മതം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസലിനെ കൊലചെയ്ത ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്യാന്‍ പ്രദേശവാസികള്‍ക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നുവെന്നതും വസ്തുതയാണ്.
ഇസ്‌ലാം മതം സ്വീകരിച്ച ഡോ.ഹാദിയയെ മാസങ്ങളോളമാണ് വീട്ടുതടവിലിട്ടത്. അവിടെ മുസ്‌ലിം പേരുള്ള പോലിസുകാരെ നിയമിക്കാതിരിക്കാന്‍ പോലും ആഭ്യന്തര വകുപ്പ് ജാഗ്രത കാണിച്ചു. നാമജപ കലാപസമയത്ത് പോലിസ് നീക്കങ്ങളെകുറിച്ച് കൃത്യമായ വിവരം സംഘപരിവാര്‍ നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഒരുവേള ഭക്തരെയും പോലിസിനെയും നിയന്ത്രിച്ചിരുന്നത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആയിരുന്നു. ബിജെപി കുഴല്‍പ്പണക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട റെയ്ഡ് വിവരങ്ങള്‍ അതാത് സമയത്ത് തന്നെ പോലിസ് സേനയിലെ ഒരു വിഭാഗം സംഘപരിവാറിന് ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കേരളാ പോലിസിന് അകത്ത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. പോലിസ് സേനയില്‍ പരസ്യ പ്രവര്‍ത്തനം നടത്താനും മാസം തോറും യോഗം ചേരാനും തീരുമാനിച്ചിട്ടുള്ളതായും അതിനായി 'തത്വമസി' എന്നപേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും വാര്‍ത്തയായിരുന്നു. സോളാര്‍ വിവാദകാലത്ത് അന്വേഷണ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദിവസവും വാര്‍ത്താസമ്മേളനം നടത്തി അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറും ജേക്കബ് തോമസും പോലിസ് സൂപ്രണ്ട് ഉണ്ണിരാജയും വിരമിച്ചശേഷം അവരുടെ ആര്‍എസ്എസ് ബന്ധം പരസ്യമാക്കിയവരാണ്. ഈ സാഹചര്യത്തില്‍, സംഘപരിവാരവും അതിന്റെ സംവിധാനങ്ങളില്‍ നിന്നും മുസ്‌ലിം സമുദായത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും ആനി രാജയുടെ പ്രസ്താവനയോട് ഗൗരവതരമായി പ്രതികരിക്കണം. ഇരകള്‍ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമീപനം ഇനിയും പിണറായി സര്‍ക്കാര്‍ തുടരരുതെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.