കോഴിക്കോട്: ഹത്രാസ് കേസില്‍ രണ്ടു വര്‍ഷത്തോളമായി യു.പി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം നല്‍കിയത് ആശ്വാസകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാരിന്റെ കള്ളക്കഥകള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉപാധികളോടെ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂ എന്ന യുപി സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
ജാമ്യം നിഷേധിക്കാന്‍ നിരവധി കള്ളങ്ങളാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ കക്ഷിയല്ലാത്ത പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴക്കുകയും വ്യാജ ആരോപണങ്ങള്‍ സംഘടനക്കെതിരെ ഉയര്‍ത്തി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത് തടയാന്‍ ഗൂഡാലോചന നടത്തുകയും ചെയ്തു. അതിനെതിരായ വിധികൂടിയാണ് കാപ്പന്റെ ജാമ്യം.
ഹത്രാസ് പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നു പറയുന്നത് കുറ്റകൃത്യമാണോയെന്നും കാപ്പന്‍ സഞ്ചരിച്ച കാറില്‍നിന്ന് കണ്ടെടുത്ത ലഘുലേഖകളില്‍ അപകടകരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. കാപ്പനെതിരെ കൂട്ടുപ്രതിയുടെ മൊഴിയുണ്ടെന്ന യുപി സര്‍ക്കാര്‍ വാദവും കോടതി തള്ളിയതിലൂടെ കേസ് യുപി പോലിസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്.
ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാന്‍ യുപി എസ്ടിഎഫ് നിരപരാധികളായ വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെയും ബലിയാടാക്കുകയാണ് ചെയ്തത്. കെട്ടിച്ചമച്ച ഈ കേസില്‍ നിരപരാധികളായവര്‍ ഇതിനകം രണ്ട് വര്‍ഷം ജയില്‍വാസം പൂര്‍ത്തിയാക്കിയത് യുപി പോലിസിന്റെ കഥയില്‍ ഒരു കണിക പോലും സത്യമുള്ളത് കൊണ്ടല്ല, മറിച്ച് അവര്‍ക്കെതിരെ യുഎപിഎ പോലുള്ള ഭീകരമായ കുറ്റങ്ങള്‍ ചുമത്തിയത് കൊണ്ട് മാത്രമാണ്.
യുപി പോലിസിന്റെ കല്ലുവെച്ച നുണകള്‍ സുപ്രിം കോടതിയില്‍ തകര്‍ന്ന സാഹചര്യത്തില്‍ മലയാളിയായ റഊഫ് ശരീഫ് ഉള്‍പ്പടെയുള്ള കേസിലെ മറ്റ് നിരപരാധികളുടെ ജയില്‍ മോചനവും വേഗത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.