രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യം: ഇ എം അബ്ദുറഹിമാന്‍

കേരളത്തില്‍ 19 കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ്

Update: 2022-02-17 13:18 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളില്‍ യൂനിറ്റി മീറ്റ് സംഘടിപ്പിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസും ബിജെപിയും നയിക്കുന്ന സംഘപരിവാര സംഘടനകള്‍ രാജ്യം നേരിടാന്‍ പോകുന്ന കനത്ത ഭീഷണിയാണെന്ന് കാലങ്ങള്‍ക്ക് മുന്നേ പറഞ്ഞ പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് എന്ന് അദ്ദേഹം പറഞ്ഞു.


പിന്നിട്ട 30 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയും ദീര്‍ഘവീക്ഷണത്തിലുടേയും പോപുലര്‍ ഫ്രണ്ട് ഇന്നിന്റെ പ്രസ്ഥാനമായി ഭാവിയുടെ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ആര്‍എസ്എസ്സിനെതിരായ പോപുലര്‍ ഫ്രണ്ടിന്റെ പ്രവചനങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. അതിലൊട്ടും സന്തോഷിക്കുന്നവരല്ല ഞങ്ങള്‍. മതേതരത്തിന് ബദലായി തീവ്രഹിന്ദുത്വ വര്‍ഗീയതയില്‍ അധിഷ്ടിതമായ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജണ്ടയുമാണ് കേന്ദ്രസര്‍ക്കാരിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ഭരണം ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലല്ല ജനാധിപത്യം. അതിന്റെ പേര് മജോറിറ്റേറിയനിസം എന്നാണ്.

ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യമാണ്. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷത്തിനും തുല്യനീതിയും അവകാശവും ലഭിക്കേണ്ടതുണ്ട്. ഭരണരംഗത്ത് ആര്‍എസ്എസ്, ബിജെപി നിയന്ത്രണം ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. മുസ്‌ലിംകള്‍ക്ക് ഒരു ബാബരി മസ്ജിദാണ് നഷ്ടപ്പെട്ടതെങ്കില്‍ ക്രൈസ്തവരുടെ നിരവധി ആരാധനാലയങ്ങള്‍ സംഘപരിവാര്‍ തകര്‍ത്തുക്കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദിലൂടെ നുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്തിയ സംഘപരിവാരം ഇന്ന് ഹിജാബിന്റെ പേരില്‍ കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്.

മുസ്‌ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസം, മതം എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനാണ് സംഘപരിവാരം നിര്‍ബന്ധിക്കുന്നത്. അതുവഴി മുസ്‌ലിം പെണ്‍കുട്ടികളെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ദുഷ്ടലാക്കാണ് സംഘപരിവാരത്തിനുള്ളത്. ഇന്ന് മുസ്‌ലിംകളും ന്യൂനപക്ഷങ്ങളും ആര്‍എസ്എസ്സിന്റെ വംശഹത്യാ ഭീഷണി നേരിടുകയാണ്. ഇതിനെതിരേ മുസ്‌ലിംകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം മുഴുവന്‍ മതേതരകക്ഷികളും ചേര്‍ന്നുനിന്നുള്ള പോരാട്ടമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മത-ഭാഷാ-സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ സംരക്ഷണം അവകാശപ്പെട്ട രാജ്യമാണ്. അത് ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്.

2004 മുതല്‍ 8 വര്‍ഷക്കാലം പരിശോധിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ അസ്തിത്വവും മഹത്തായ മൂല്യങ്ങളും ചോര്‍ന്നുപോയിരിക്കുന്നു. വളരെ മനോഹരമായ 4 യാഥാര്‍ഥ്യങ്ങളുടെ കൂട്ടിച്ചേര്‍ത്ത വലിയ സങ്കല്‍പ്പമാണ് ഇന്ത്യ. അത് പരമാധികാരവും സോഷ്യലിസവും മതേതരത്വവും ജനാധിപത്യവുമാണ്. പരമാധികാരം എന്നത് ജനങ്ങള്‍ക്കാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും കീഴൊതുങ്ങേണ്ടവരല്ല നമ്മള്‍. പരമാധികാരം ഈ ജനതയ്ക്കാണ്. ഈ രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും എന്ന രീതിയിലല്ല വികസിക്കേണ്ടത്. ഇല്ലാത്തവനിലേക്ക് നീതിപുലരുന്ന ക്ഷേമരാഷ്ട്രസങ്കല്‍പം ഉണ്ടാവണം. ഈ രാജ്യത്തിന്റെ വരുമാനത്തിന്റെ 95 ശതമാനവും കോര്‍പറേറ്റുകള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.

മുതലാളിത്ത കോര്‍പറേറ്റ് സാമ്പത്തിക ചൂഷണത്തിലേക്കാണ് ഈ രാജ്യം കടന്നുപോവുന്നത്. ഈ രാജ്യത്തെ റിപ്പബ്ലിക്, സ്വാതന്ത്ര്യം, മതേതരത്വം എന്ന സങ്കല്‍പ്പെത്തിനെ അട്ടിമറിച്ചുകൊണ്ടുള്ള നീക്കമാണ് ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്നത്. പോപുലര്‍ ഫ്രണ്ടിന് ഫെബ്രുവരി 17ലെ ഈ സുദിനം ആഘോഷിക്കാന്‍ മാത്രമല്ല, ആത്മപരിശോധന നടത്താന്‍ കൂടിയുള്ളതാണ്. കണ്ണുതുറന്ന് കാണാനുള്ളതാണ്. ഈ രാജ്യത്തെ ശത്രുക്കളെയും മിത്രങ്ങളെയും തിരച്ചറിയാനും കൂടിയുള്ള സന്ദര്‍ഭമാണ്.

ഈ രാജ്യത്തെ ജനാധിപത്യ സങ്കല്‍പ്പെത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആര്‍എസ്എസ്സിനെതിരേ സമരപ്രഖ്യാപനം നടത്താനുള്ള കാലഘട്ടം കൂടിയാണിത്. മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും ഒന്നിച്ചുള്ള ഒരു പോരാട്ടമാണ് ഈ ഫെബ്രുവരി 17ലൂടെ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ഇ എം അബ്ദുര്‍റഹിമാന്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് വോളണ്ടിയര്‍മാര്‍ അണിനിരന്ന യൂണിറ്റി മീറ്റില്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ സല്യൂട്ട് സ്വീകരിച്ചു. സ്ത്രീ സാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മീറ്റ് ശ്രദ്ധേയമായി.

പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹാബ്, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അന്‍സാരി മൗലവി ബാഖവി, നാഷണല്‍ വിമന്‍സ് ഫ്രണ്ട് നേതാക്കളായ സുമയ്യാ സാജിദ്, സൗമി നവാസ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ സൈനുദ്ദീന്‍ ടി എസ്, കെ എം സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. എറണാകുളം സോണല്‍ സെക്രട്ടറി കെ കെ ഹുസൈര്‍ സല്യൂട്ട് സ്വീകരിച്ചു.

ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം മലപ്പുറം വണ്ടൂരിലും മൂന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ കോഴിക്കോട്ട് പൂവ്വാട്ടുപറമ്പിലും ദേശീയ സമിതിയംഗങ്ങളായ മുഹമ്മദാലി ജിന്ന പത്തനംതിട്ടയിലും പ്രഫ.പി കോയ കൊയിലാണ്ടിയിലും യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ മലപ്പുറം അങ്ങാടിപ്പുറത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ എറണാകുളം പള്ളുരുത്തിയിലും ഉദ്ഘാടനം നിര്‍വഹിച്ചു.

കണ്ണൂര്‍ യൂനിറ്റി മീറ്റില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി അബ്ദുല്‍ അസീസ് സല്യൂട്ട് സ്വീകരിക്കുന്നു

 പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ പൂവാറിലും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫത്തഹുദീന്‍ റഷാദി കല്ലാറിലും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ഇടപ്പള്ളിക്കോട്ടയിലും സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍ ചാരുംമൂട്ടിലും യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്തു.

കൊല്ലം അഞ്ചലില്‍ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫ്, വണ്ണപ്പുറത്ത് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, വാടാനപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫ്, വല്ലപ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് എന്നിവരും ഉദ്ഘാടനം നടത്തി.

എടപ്പാളില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ കരമന അഷ്‌റഫ് മൗലവിയും കണ്ണൂരില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയും വെള്ളമുണ്ടയില്‍ സംസ്ഥാന സമിതിയംഗം ബി നൗഷാദും നീലേശ്വരത്ത് സംസ്ഥാന സമിതിയംഗം പി വി ഷുഹൈബും യൂനിറ്റി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


 വൈകീട്ട് 4.30നാണ് യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും ആരംഭിച്ചത്. സമ്മേളനത്തില്‍ സംഘടനയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ കേഡറ്റുകളില്‍നിന്നും സല്യൂട്ട് സ്വീകരിച്ചു. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി രാവിലെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.

Tags:    

Similar News