ബംഗളൂരുവില്‍ കശ്മീരി യുവാവിന് ഹിന്ദുത്വസംഘത്തിന്റെ ക്രൂര മര്‍ദ്ദനം

ബംഗളൂരുവിലെ സിഎംആര്‍ഐടിയില്‍ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അബ്‌സര്‍ സഹൂര്‍ ദര്‍ (24)നെതിരേയാണ് ആക്രമണമുണ്ടായത്.

Update: 2019-03-25 04:41 GMT

ബംഗളൂരു: ബംഗളൂരുവില്‍ കശ്മീരി യുവാവിനെ നാലംഗ ഹിന്ദുത്വസംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ബംഗളൂരുവിലെ സിഎംആര്‍ഐടിയില്‍ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അബ്‌സര്‍ സഹൂര്‍ ദര്‍ (24)നെതിരേയാണ് ആക്രമണമുണ്ടായത്. തെക്ക് കിഴക്കന്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക് ലിമിറ്റ്ഡിന് സമീപമുള്ള എഇസിഎസില്‍നിന്നുള്ള സംഘമാണ് പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ടത്.

മോഡലായും ജോലി ചെയ്യുന്ന ദര്‍ ജിമ്മില്‍ പോയതിനു ശേഷം സമീപത്തെ കഫെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ നാലംഗ സംഘം സമീപിക്കുകയും പൂവാലനാണോയെന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ദര്‍ ഇതു നിഷേധിച്ചതോടെ കഫെ വിട്ടു പോവണമെന്ന് സംഘം ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം നഗരത്തിലെ തന്നെ ഐസ്‌ക്രിം പാര്‍ലറിലെത്തിയ ദറിനെ ഇതേസംഘം ഇരുമ്പ് വടികളും പൈപ്പുകളുമായെത്തി പ്രകോപനമേതുമില്ലാതെ ഷോപ്പിന് വെളിയിലേക്ക് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ ദറിനെ കൂട്ടുകാരെത്തിയാണ് അക്രമികളില്‍നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കൂട്ടുകാര്‍ രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ അവര്‍ തന്നെ കൊലപ്പെടുത്തുമായിരുന്നുവെന്ന് ദര്‍ പറയുന്നു. താന്‍ പേടിച്ചാണ് കഴിയുന്നതെന്നും സംഭവത്തിനു ശേഷം ഇതുവരെ കോളജില്‍ പോയിട്ടിട്ടെന്നും ദര്‍ വ്യക്തമാക്കി. ഒന്നും സംഭവിക്കാത്തതു പോലെ തന്റെ വീടിനു മുമ്പിലൂടെ അക്രമികള്‍ ഇപ്പോഴും സൈ്വര്യ വിഹാരം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുണ്ടലഹള്ളി കോളനിയിലെ നിതിന്‍ (25), മന്‍ജേഷ് (21), ഗൗതം (26), അഭി എന്ന സന്തോഷ് (20) എന്നിവര്‍ക്കെതിരേ എച്ച്എഎല്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News