'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരേ പോസ്റ്റര്‍
തിരുവനന്തപുരം: ദേശീയ അധ്യക്ഷന്‍ നദ്ദ തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരേ തിരുവനന്തപുരത്ത് പോസ്റ്റര്‍. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍. വി വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന് എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
വി വി രാജേഷ് , സി ശിവന്‍കുട്ടി , എം ഗണേശന് എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടി തല അന്വേഷണം വേണം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി, ജില്ലാ കമ്മിറ്റി ഓഫിസ്, സംസ്ഥാന കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചു. രാത്രി സ്ഥാപിച്ച പോസ്റ്റര്‍ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അധ്യക്ഷന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എ-പ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളില്‍പെട്ടു. കെ സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.