അധികാരപ്പോര് രൂക്ഷം; അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്കോ?
ഒരിടവേളയ്ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ വീണ്ടും ചേരിപ്പോര് ശക്തമായിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രബലരായ എടപ്പാടി കെ പളനിസ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റേയും നേതൃത്വത്തിലാണ് അധികാരംപിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്.
ചെന്നൈ: ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട രൂക്ഷമെന്ന് റിപോര്‍ട്ട്. ഒരിടവേളയ്ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ വീണ്ടും ചേരിപ്പോര് ശക്തമായിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രബലരായ എടപ്പാടി കെ പളനിസ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റേയും നേതൃത്വത്തിലാണ് അധികാരംപിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്. എല്ലാ ജില്ലകളും നിയന്ത്രണം കൈപിടിയിലൊതുക്കാന്‍ ഇരുവിഭാഗവും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോവുകയാണ്.
എഐഎഡിഎംകെ ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി കെ പളനിസ്വാമി വെള്ളിയാഴ്ച വടക്കന്‍ തമിഴ്‌നാട്ടില്‍ വന്‍ ശക്തിപ്രകടനം നടത്തി. പാര്‍ട്ടി ജില്ലാ നേതൃത്വങ്ങളുടെ പിന്തുണയേറെയും പളനിസാമിക്കാണ്. അദ്ദേഹം വിളിച്ച ഗ്രൂപ്പ് യോഗത്തില്‍ എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും കൂട്ടത്തോടെ എത്തുകയും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി കേന്ദ്രമാക്കിയാണ് പളനിസാമിയുടെ പ്രവര്‍ത്തനം.
തെക്കന്‍ ജില്ലകളിലെ നേതാക്കളാണ് പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നത്. റോയാപേട്ടിലെ പാര്‍ട്ടി ആസ്ഥാനം കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റേയും അണികളുടേയും പ്രവര്‍ത്തനം. നിലവിലെ ഇരട്ട നേതൃത്വ പദവി ഒഴിവാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി തിരികെ കൊണ്ടുവരണമെന്നാണ് ഇരുപക്ഷത്തിന്റേയും ആവശ്യം.
ഈ മാസം 23ന് നടക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ ഒറ്റ നേതൃത്വം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പളനിസ്വാമി പ്രതിപക്ഷ നേതാവായതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം പനീര്‍സെല്‍വത്തിന് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ വാദം. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാകണം തീരുമാനമെന്ന് എടപ്പാടി അനുകൂലികളും വ്യക്തമാക്കുന്നു. അതേസമയം താന്‍ ജനറല്‍ സെക്രട്ടറി ആയില്ലെങ്കിലും പളനിസാമി ആകാതിരിക്കാന്‍ ജനറല്‍ സെക്രട്ടറി പദവി തന്നെ വേണ്ടെന്ന നിലപാട് പനീര്‍ശെല്‍വം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത പളനിസ്വാമിക്ക് അദ്ദേഹത്തിന്റെ അനുയായികളും ജില്ലാ പാര്‍ട്ടി ഘടകവും 'ഭാവി ജനറല്‍ സെക്രട്ടറി' എന്ന് വാഴ്ത്തി ഉജ്ജ്വല സ്വീകരണം നല്‍കിയിരുന്നു. നേതൃതര്‍ക്കം തുടരുന്നതിനിടെ ശക്തിപ്രകടനമായാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയത്. തിരുവണ്ണാമലയിലെ പോലൂരില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍ മന്ത്രി അഗ്രി എസ് എസ് കൃഷ്ണമൂര്‍ത്തി, എഐഎഡിഎംകെയുടെ ഏക നേതൃത്വം പളനിസ്വാമിയാണെന്ന് വിശേഷിപ്പിച്ചപ്പോള്‍ പളനിസ്വാമിയിലും വേദിയിലുണ്ടായിരുന്നെങ്കിലും ഇപിഎസ് വിഷയത്തില്‍ പ്രത്യേക പരാമര്‍ശം നടത്തിയില്ല.അതിനിടെ, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈ, പളനിസ്വാമിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്, ഏകീകൃത നേതൃത്വ പ്രശ്‌നം പരിഹരിക്കാനുള്ള 'പദ്ധതി'യുമായി പനീര്‍സെല്‍വത്തെ വിളിച്ചതായും സൂചനയുണ്ട്. ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനുസാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപിഎസുമായി സമാനമായ ചര്‍ച്ചകള്‍ നടത്തിയതായും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.