പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്

Update: 2021-06-11 15:36 GMT

കവരത്തി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന വിവാദ പരിഷ്‌കരണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്. ജൂണ്‍ 16 മുതല്‍ 26 വരെ വിവിധ ദ്വീപുകള്‍ സന്ദര്‍ശിക്കും. 36ഓളം ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപിലെ അഗത്തി, കവരത്തി, ആന്തോത്ത്, കല്‌പേനി, മിനിക്കോയ് ദ്വീപുകളാണ് പ്രഫുല്‍ പട്ടേല്‍ സന്ദര്‍ശിക്കുക. 16ന് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. അതിനിടെ, ലക്ഷദ്വീപിനു വേണ്ടി സംസാരിക്കുകയും പരിഷ്‌കരണങ്ങളിലൂടെ ദ്വീപിലുണ്ടാവുന്ന ദുരിതങ്ങളെ കുറിച്ചും പുറംലോകത്തെ അറിയിച്ച സിനിമാ പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ വീണ്ടും കൂട്ടരാജിയുണ്ടായി. ബിജെപി നേതാവ് അബ്ദുല്‍ഖാദറിന്റെ പരാതിയില്‍ കവരത്തി പോലിസ് രാജ്യദ്രോഹക്കേസ് ഉള്‍പ്പെടെ ചുമത്തുകയും നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് രാജി.ബിജെപി ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് മുള്ളിപ്പുര, ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ് അംഗം സൈഫുല്ല പക്കിയോട, ചെത്തലത്ത് യൂനിറ്റ് സെക്രട്ടറി ജാബിര്‍ സ്വാലിഹത്ത് മന്‍സില്‍, അംഗങ്ങളായ അബ്ദുസ്സമദ് ചേക്കിത്തിയോട, അന്‍ഷാദ് സൗഭാഗ്യ വീട്, അബ്ദുല്‍ഷുക്കൂര്‍ കൂടത്തപ്പാട, നൗഷാദ് പണ്ടാരം, ചെറിയ കോയ കല്ലിലം, ബാത്തിഷാ, ആര്‍ എം മുഹമ്മദ് യാസീന്‍, മുനീര്‍ മൈദാന്‍മാളിക തുടങ്ങിയവരാണ് രാജിവച്ചത്. ഇവര്‍ ഒപ്പിട്ട രാജിക്കത്ത് ലക്ഷദ്വീപ് ബിജെപി ഘടകം പ്രസിഡന്റിനു കൈമാറി.നേരത്തേ, ലക്ഷദ്വീപില്‍ ബീഫ് നിരോധനം, എയര്‍ ആംബുലന്‍സ് തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ നടപടി സ്വീകരിച്ചപ്പോഴും ദ്വീപിലെ ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു.

    കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷം നിരവധി വിവാദ ഉത്തരവുകളാണ് നടപ്പാക്കുന്നത്. വികസനത്തിന്റെ പേരുപറഞ്ഞ് ദ്വീപ് നിവാസികളെ കുടിയൊഴിപ്പിക്കാനും ഹിന്ദുത്വവല്‍ക്കരണത്തിനുമുള്ള നടപടികളുമാണ് നടപ്പാക്കുന്നതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ബേപ്പൂര്‍ പോര്‍ട്ടില്‍ നിന്നുള്ള ചരക്കുനീക്കം മംഗലാപുരം പോര്‍ട്ടിലേക്ക് മാറ്റിയതും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും വന്‍ വിവാദമായിരുന്നു. ഇതിനുപുറമെ, ദ്വീപുകാരുടെ പറമ്പില്‍ ഓല, തേങ്ങ ഉള്‍പ്പെടെയുള്ള കണ്ടാല്‍ വന്‍തോതില്‍ പിഴ ഈടാക്കുമെന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണമെന്ന ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്നും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണവും പിന്‍വലിച്ചിരുന്നു. പ്രഫുല്‍ പട്ടേലിന്റെയും കലക്ടര്‍ അസ്‌കറിലുടെയും നടപടികള്‍ക്കെതിരേ ദ്വീപ് നിവാസികള്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരം നടത്തിയിരുന്നു.

    ഇതിനിടെയാണ് സ്വകാര്യ ചാനലില്‍ അഡ്മിനിസ്‌ട്രേറ്ററെ ബയോ വെപ്പണ്‍ എന്ന് വിളിച്ചതിനു ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരേയും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രഫുല്‍ പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

Praful Patel visits Lakshadweep amid protests and controversy

Tags:    

Similar News