പ്രജ്വല്‍ രേവണ്ണ കീഴടങ്ങും; മേയ് 31ന് ജര്‍മനിയില്‍ നിന്ന് ബെംഗളൂരുവിലെത്തും

Update: 2024-05-27 14:26 GMT

ബെംഗളുരു: ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട കര്‍ണാടക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. ജര്‍മനയിലുള്ള പ്രജ്വല്‍ മേയ് 31ന് രാവിലെ പത്തിന് പ്രത്യേക അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങും. പ്രജ്വല്‍ രേവണ്ണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. കേസുമായി സഹകരിക്കും, തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസാണ്, നിയമത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഏപ്രില്‍ 26നാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്.നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും പ്രജ്വലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രജ്വല്‍ കീഴടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു ഒളിവില്‍നിന്ന് പുറത്തു വന്നത്.

വിദേശത്തുള്ള അദ്ദേഹം നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏതു വിമാനത്താവളത്തില്‍ എപ്പോള്‍ എത്തി ചേരുമെന്ന് പ്രജ്വല്‍ വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .




Tags:    

Similar News