പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോ; ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞു; പുറത്ത് വന്നത് 2976 വീഡിയോകള്‍
ബെംഗളൂരു: ജെ.ഡി.എസ്. എം.പി.യും ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളെക്കുറിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികവീഡിയോകളെ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്‍പേ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കിയിരുന്നു. മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് ബി.ജെ.പി നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബി.ജെ.പി.യുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും 2023 ഡിസംബര്‍ എട്ടാം തിയ്യതി നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്. 'എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിലുള്ള ജെ.ഡി.എസ് നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ദൃശ്യങ്ങളടക്കം തനിക്ക് ലഭിച്ച പെന്‍ഡ്രൈവിലുണ്ട്. സ്ത്രീകളുമായി ഇത്തരം ബന്ധം തുടരാനായി ഈ വീഡിയോകള്‍ പ്രജ്വല്‍ രേവണ്ണ ഉപയോഗിച്ചിരുന്നു. ഈ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളെ ചൂഷണംചെയ്തിരുന്നത് തുടര്‍ന്നുപോന്നത്. ഈ വീഡിയോകളും ഫോട്ടോകളും അടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചാല്‍ ഈ വീഡിയോകള്‍ ഒരു 'ബ്രഹ്‌മാസ്ത്രം' ആയി ഉപയോഗിക്കപ്പെടും. ഒരു പീഡനക്കേസ് പ്രതിയുടെ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്നാല്‍ നമ്മുടെ പാര്‍ട്ടിക്കും കളങ്കമുണ്ടാക്കും. ദേശീയതലത്തില്‍ ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും' കത്തില്‍ പറയുന്നു.
വീഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47-കാരി പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ പീഡനപരാതി നല്‍കിയത്. എം.എല്‍.എ.യായ എച്ച്.ഡി. രേവണ്ണയും എം.പി.യായ മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടുജോലിക്കാരിയുടെ ആരോപണം. തുടര്‍ന്ന് സ്ത്രീയുടെ പരാതിയില്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കുംമുന്‍പേ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകള്‍ ഹാസനില്‍ പ്രചരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പരാതിയുമായി രംഗത്തെത്തിയത്.
ജോലിക്ക് ചേര്‍ന്ന് നാലുമാസത്തിന് ശേഷം എച്ച്.ഡി.രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. മാത്രമല്ല, തന്റെ മകളുമായി അടുപ്പം സ്ഥാപിക്കാന്‍ പ്രജ്വല്‍ ശ്രമിച്ചിരുന്നതായും മകള്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രചരിക്കുന്ന വീഡിയോകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നാണ് പ്രജ്വലിന്റെ അവകാശവാദം. സംഭവത്തില്‍ പ്രജ്വല്‍ രേവണ്ണയും പോലിസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
അതേസമയം, പോലിസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ്. എം.എല്‍.എ.യായ ശരണഗൗഡ കണ്ഡകര്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയ്ക്ക് കത്തുനല്‍കി.