മദ്‌റസകള്‍ നിരോധിക്കണം; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന (വീഡിയോ)

Update: 2022-05-15 07:27 GMT

മംഗലാപുരം: കര്‍ണാടകയില്‍ ഹലാല്‍, ഹിജാബ് വിരുദ്ധ നീക്കങ്ങള്‍ക്ക് ശേഷം മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്‌റസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ശ്രീ രാമ സേന തലവന്‍ പ്രമോദി മുത്തലിക്ക് ആവശ്യപ്പെട്ടു.

'ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്‌റസ വിദ്യാഭ്യാസത്തിനായി പാഴാക്കുന്നു. മദ്‌റസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീരാമസേന സജീവമായ പ്രചാരണം തുടങ്ങും'. മുത്തലിക് പറഞ്ഞു.

ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയും ശ്രീ രാമ സേന പ്രവര്‍ത്തകര്‍ വര്‍ഗീയ ധ്രുവീകരണത്തിനും സംഘര്‍ഷത്തിനും ശ്രമിച്ചു.

ഹിന്ദുത്വ സമ്മേളനങ്ങളില്‍ സന്യാസിമാര്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കര്‍ണാടക ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ നീക്കം ശക്തമായത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ് ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അരങ്ങേറി.

ഇതിന് പിന്നാലെ മംഗലാപുരം, കുടക്, ഉഡുപ്പി മേഖലയലില്‍ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും നടന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടിലുള്ള 'സായ് ശങ്കര്‍' എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ആയുധ പരിശീലന ക്യാംപ് നടന്നു. ആര്‍എസ്എസ്സിന് കീഴിലുള്ള ബജ്‌റംഗ്ദള്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലങ്ങളും വിതരണം ചെയ്തു. തോക്ക് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു.

Tags:    

Similar News