സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കുന്നത് നേരില്‍ കണ്ടു: പ്രസീത അഴീക്കോട്
മാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം.
കണ്ണൂര്‍: എന്‍ഡിഎയുമായി സഹകരിക്കാന്‍ സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്തുലക്ഷം രൂപ കൈമാറുന്നത് കണ്ടതായി പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് സുരേന്ദ്രന്‍ ജാനുവിന് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്നാണ് പ്രസീത പറയുന്നത്. ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തിയത്.
മാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം. ജീവനെ ഭയന്നാണ് ഇക്കാര്യം അന്ന് പറയാതിരുന്നത്. കാശു വാങ്ങി താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പ്രസീത പറഞ്ഞു.
കേസ് അന്വേഷണത്തിനിടെ തന്നെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചതായും തനിക്ക് വന്‍ തുക വാഗ്ദാനം ചെയ്തിരുന്നതായും പ്രസീത പറഞ്ഞു. തനിക്ക് പണം നല്‍കാന്‍ സുരേന്ദ്രന്‍ നേരിട്ട് ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഒപ്പമുളളവരെ സുരേന്ദ്രന്‍ വിലയ്ക്കുവാങ്ങിയെന്നും പ്രസീത പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കാണാതായതിലും ദുരൂഹതയുണ്ട്. കെ സുരേന്ദ്രന്‍, സികെ ജാനു, വിനീത, പ്രശാന്ത് മലവയല്‍ എന്നിവരുടെ ഫോണുകളാണ് കാണാതായതെന്ന് പ്രസീത പറഞ്ഞു.
തിരുവനന്തപുരത്തും ബത്തേരിയിലും വെച്ച് സി കെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് നേരത്തെ ഇക്കാര്യത്തിലെ തെളിവായി ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു.