രാഷ്ട്രപതി ഒപ്പുവച്ചു; ഡല്‍ഹി ബില്‍ നിയമമായി
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ല്.
ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനിടെ നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ബില്‍ നിയമമായി മാറി. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ല്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെ, അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായി.
2013ല്‍ അധികാരത്തിലെത്തിയതു മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്‌രിവാള്‍ സര്‍ക്കാരിന് അധികാരം കുറയുന്നത് ഭരണത്തെ തന്നെ ബാധിച്ചേക്കും. ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിയുള്ളതാണ് ഭേദഗതി. ഇതുപ്രകാരം സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് എഎപി അറിയിച്ചു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതി വരുത്തിയാണ് ബില്ലവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളായ 21ാം വകുപ്പില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നര്‍ഥമാക്കണമെന്നാണ് ബില്ലിലെ പ്രധാന ഭേദഗതി. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുകയോ തടഞ്ഞുവയ്ക്കുകയോ രാഷ്ട്രപതിക്ക് വിടുകയോ ചെയ്യാനുള്ള അധികാരം 24ാം വകുപ്പ് പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുള്ള ഏതു വിഷയവും ബില്ലിലൂടെ ഇതിന്റെ ഭാഗമാക്കി. ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ 33ാം വകുപ്പിലെ ഭേദഗതി വിലക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ നടപടികള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണമെന്ന് 44ാം ഭേദഗതിയിലെ നിര്‍ദേശം.
President Ram Nath Kovind gives assent to NCT bill