രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തി; ആരോഗ്യനില തൃപ്തികരം
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി സംസാരിച്ചു.
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി സംസാരിച്ചു.
ആരോഗ്യനില തൃപ്തികരമാണ്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ക്ഷേമം നേരുന്നതായും എത്രയുംവേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാഷ്ട്രപതിയെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനയ്ക്ക് വിധേയനായ അദ്ദേഹത്തെ പിന്നീട് നിരീക്ഷണത്തിലായി. തുടര്‍ന്നാണ് വിദഗ്ധചികില്‍സയ്ക്കായി ശനിയാഴ്ച എയിംസിലേക്ക് മാറ്റിയത്. അപ്പോഴാണ് ബൈപാസ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതരും അറിയിച്ചു.