രാഷ്ട്രപതി ഒപ്പുവച്ചു; വിവാദ ദേശീയ പൗരത്വ ബില്ലിന് അംഗീകാരം

ബില്ല് നിയമമായി മാറിയതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവാനുള്ള സാധ്യതയുമേറി

Update: 2019-12-12 19:12 GMT

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പാസ്സാക്കിയ വിവാദ ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാവുന്നതിനിടെയാണ് അര്‍ധരാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി. വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭയും പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ഇതുപ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. മതവിവേചനം കാണിച്ചെന്നും ബില്ല് മുസ് ലിംകള്‍ക്കെതിരാണെന്നുമുള്ള ആക്ഷേപങ്ങളാണ് പ്രതിഷേധത്തിനു കാരണം. അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

    ബില്ല് നിയമമായി മാറിയതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവാനുള്ള സാധ്യതയുമേറി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.




Tags:    

Similar News